
കൊച്ചി: മലപ്പുറത്തിന് പുറത്ത് ലീഗിന് മറ്റൊരു അധികാരകേന്ദ്രം പതിവില്ലെങ്കിലും ആ നിലയിലേക്ക് വളരാൻ കഴിഞ്ഞ നേതാവായാരുന്നു ഇബ്രാഹിം കുഞ്ഞ്. കുഞ്ഞാലിക്കുട്ടിയുമായുള്ള ബന്ധമാണ് ഇബ്രാഹിം കുഞ്ഞിന് അധികാരരാഷ്ട്രീയത്തിലേക്ക് വഴി തുറന്നത്.
2005 രണ്ടാം വട്ടം ഐസ്ക്രീം കേസ് വിവാദമായപ്പോൾ ഗതികെട്ട് കുഞ്ഞാലിക്കുട്ടിക്ക് രാജി വെക്കേണ്ടി വന്നപ്പോൾ ആ കസേരയിലിരിക്കാൻ കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുത്തത് ആദ്യമായി നിയമസഭയിലെത്തിയ ഇബ്രാഹി കുഞ്ഞിനെ. അന്ന് ലീഗിലെ പ്രമുഖരെ പോലും ആ തീരുമാനം അമ്പരപ്പിച്ചിരുന്നു.
അടുത്ത യുഡിഎഫ് മന്ത്രിസഭയിൽ എം.കെ.മുനീറിനെപ്പോലുള്ള പ്രമുഖരെ തഴഞ്ഞ് ഇബ്രാഹിം കുട്ടി പൊതുമരാമത്ത് മന്ത്രിക്കസേരയിൽ എത്തിയത് വീണ്ടും പാണക്കാട് കുടുംബവുമായും കുഞ്ഞാലിക്കുട്ടിയുമായുമുള്ള അതേ ബന്ധത്തിന്റെ തണലിലാണ്. ലീഗിലെ പ്രമുഖരൊയൊക്കെ മറികടന്ന് ഇബ്രാഹിം കുഞ്ഞ് പുതിയൊരു അധികാരകേന്ദ്രമായി മാറി. അന്നേ തന്നെ ഇബ്രാഹിം കുഞ്ഞിന്റെ ശൈലിയിൽ ലീഗിന്റെ പല എംഎൽഎമാർക്കും പാരാതി ഉണ്ടായിരുന്നു. പ്രത്യേകിച്ച് പൊതുമരാമത്തിലെ റോഡ്, പാലം നിർമ്മാണ കരാറുകളെക്കുറിച്ച്.
എംഎസ്എഫും യൂത്ത് ലീഗും വഴി കൊച്ചിയിലെ വ്യവസായ മേഖലയിലെ തൊഴിലാളികൾക്കിടയിലുള്ള പ്രവർത്തനത്തിലൂടെയാണ് ഇബ്രാഹിം കുഞ്ഞ് മട്ടാഞ്ചേരി മേഖലയിലെ പ്രമുഖനായി വളർന്നത്. ടിഎ അഹമ്മദ് കബീറിനെപ്പോലുള്ള ആശയ അടിത്തറയുള്ള നേതാക്കളെ അവഗണിച്ചാണ് ലീഗ് ഇബ്രാഹിംകുഞ്ഞിന് അവസരം നൽകിയത്.
മുസ്ലീം ലീഗ് പണക്കൊഴുപ്പിന്റെ പിന്നാലെ പോയ കാലത്ത് തന്നെയാണ് ഇബ്രാഹിം കുഞ്ഞിന്റേയും രാഷ്ട്രീയോദയമുണ്ടാത്. തുടർച്ചയായി 4 തവണ നിയമസഭയിലേക്ക് ഇബ്രാഹിം കുഞ്ഞല്ലാതെ മറ്റൊരു പേര് കൊച്ചി മേഖലയിൽ നിന്ന് ലീഗ് പരിഗണിച്ചേയില്ല എന്നത് പാർട്ടിക്കത്തെ
അദ്ദേഹത്തിൻ്റെ സ്വാധിനം വ്യക്തമാക്കുന്നു.
നേരത്തെ എംകെ മുനീറും നാലകത്ത് സൂപ്പിയും അടക്കമുള്ള നേതാക്കൾ അഴിമതിയാരോപണങ്ങളിൽ പെട്ടിരുന്നുവെങ്കിലും ഇത്രയും ഗുരുതരമായ കേസ് മന്ത്രിയായിരുന്ന ഒരു നേതാവിനെതിരെ ഉണ്ടാകുന്നത് ഇതാദ്യം. ഇബ്രാഹിം കുഞ്ഞിന്റെ ചെയ്തികളെക്കുറിച്ച് മുന്നറിവുണ്ടായിരുന്ന ലീഗിന് എളുപ്പം കൈവിടാനാകില്ല അദ്ദേഹത്തെ എന്നത് മറ്റെരു കാര്യം. രാഷ്ട്രീയത്തിലെ തന്റെ വഴി കാട്ടിയായ കുഞ്ഞാലിക്കുട്ടിയെ പോലെ തന്നെ പ്രതിസന്ധികളെ മറികടക്കാനുള്ള സൂത്രപ്പണികക്ൾ ഇബ്രാഹിം കുഞ്ഞും തേടുമെന്നുറപ്പ്,,
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam