
തിരുവനന്തപുരം : കൊല്ലം സായി ഹോസ്റ്റലിലിനെതിരെ ഗുരുതര പരാതിയുമായി ഹോസ്റ്റലിൽ മരിച്ച തിരുവനന്തപുരം സ്വദേശിനി വൈഷ്ണവിയുടെ മാതാപിതാക്കൾ. കുട്ടി ആത്മഹത്യ ചെയ്യില്ലെന്നും ദുരൂഹതയുണ്ടെന്നും മാതാപിതാക്കൾ പറയുന്നു. 'മരിക്കുന്നതിന് തലേന്ന് രാത്രിയും വീട്ടിലേക്ക് കുട്ടി സന്തോഷത്തോടെ ഫോൺ ചെയ്തിരുന്നു'.ഹോസ്റ്റൽ അധികൃതർ നിരന്തരം കുറ്റപ്പെടുത്തുന്നതായി കുട്ടി പറഞ്ഞിരുന്നുവെന്നും മാതാപിതാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിരുവനന്തപുരം ചെമ്പൂർ സ്വദേശിയാണ് മരിച്ച 10 -ാം ക്ലാസുകാരിയായ കബഡി താരം വൈഷ്ണവി.
''ഉച്ചയ്ക്ക് വൈഷ്ണവി വീഡിയോ കോൾ ചെയ്തു. രാത്രി 10.30 ക്കും മാതാപിതാക്കളുമായി സന്തോഷത്തോടെ സംസാരിച്ചു. കബഡി കളിയിൽ ജയിച്ചതിന്റെ സന്തോഷത്തിലായിരുന്നു കുട്ടി. ഹോസ്റ്റലിൽ എന്തോ സംഭവിച്ചിട്ടുണ്ട്. ഹോസ്റ്റൽ അധികൃതർ നിരന്തരം കുറ്റപ്പെടുത്തുന്നതായി പറഞ്ഞിരുന്നു. എന്ത് ചെയ്താലും കുത്തുവാക്ക് പറയുമായിരുന്നു. ഹോസ്റ്റലിൽ നിന്ന് പുറത്താക്കുമോ എന്ന് കുട്ടിക്ക് ഭയമായിരുന്നു. മരണ വിവരം ഹോസ്റ്റൽ അധികൃതർ മറച്ചുവച്ചു. കുട്ടിക്ക് എന്ത് സംഭവിച്ചെന്ന് വിശദീകരിക്കാൻ പോലും തയാറായില്ല. ഹോസ്റ്റലിൽ കയറാതിരിക്കാൻ ഗേറ്റ് അടച്ചിട്ടുഅന്വേഷണത്തിനായി ഏത് അറ്റം വരെയും പോകുമെന്നും കുട്ടിയുടെ മാതാപിതാക്കൾ വ്യക്തമാക്കി.
സമാനമായ വിവരങ്ങളാണ് മരിച്ച കോഴിക്കോട് സ്വദേശി സാന്ദ്രയുടെ മാതാപിതാക്കളും പറയുന്നത്. സാന്ദ്ര ആത്മഹത്യ ചെയ്യില്ലെന്ന് ആവര്‍ത്തിച്ച് പറയുകയാണ് കുടുംബം. മരിക്കുന്നതിന്‍റെ തലേ ദിവസം സാന്ദ്ര വിളിച്ചിരുന്നു. സ്ഥാപനത്തില്‍ തുടരാന്‍ കഴിയില്ലെന്നായിരുന്നു പറഞ്ഞത്. കൊല്ലം സായിയിലെ അധ്യാപകന്‍ സാന്ദ്രയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും കുടുംബം പറയുന്നു. സാന്ദ്രയുമായി അടുപ്പമുണ്ടായിരുന്ന ഹോസ്റ്റര്‍ വാര്‍ഡന്‍ ഒരു മാസം മുമ്പ് മാറി. ഇവരെ ബന്ധപ്പെടരുതെന്ന് ഇപ്പോഴത്തെ ഇന്‍ചാര്‍ജായ അധ്യാപകന്‍ ആവശ്യപ്പെട്ടിരുന്നതായും ഇതില്‍ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു. മരിച്ച രണ്ടു പേരുടേയും ആത്മഹത്യാക്കുറിപ്പില്‍ ഒരു കൈയക്ഷരമാണുള്ളത്. വിശദമായ അന്വേഷണം നടത്തിയാലെ സത്യം കണ്ടെത്താന്‍ കഴിയുകയുള്ളൂ.
വ്യാഴാഴ്ചയാണ് കോഴിക്കോട് കടലുണ്ടി സ്വദേശിയായ സാന്ദ്രയേയും തിരുവനന്തപുരം സ്വദേശിയായ വൈഷ്ണവിയേയും ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്ലസ്ടുവിന് പഠിച്ചിരുന്ന സാന്ദ്ര അത്ലറ്റും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ വൈഷ്ണവി കബഡി താരവുമായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam