
ഹരിപ്പാട്: തമിഴ്‌നാട്ടിൽ ഹരിപ്പാട് സ്വദേശിയായ യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. കരുവാറ്റ വിജിത്ത് ഭവനത്തിൽ വിജിത്തിന്‍റെ (40) മരണത്തിലാണ് സഹോദരൻ വിജേഷ് പരാതി നൽകിയത്. കായംകുളം കണ്ടല്ലൂർ സ്വദേശിനിയായ സ്ത്രീക്കും ചെങ്ങന്നൂർ സ്വദേശിയായ വ്യക്തിക്കും എതിരെ സമഗ്ര അന്വേഷണം വേണമെന്നാണ് കുടുംബത്തിന്‍റെ പ്രധാന ആവശ്യം. തമിഴ്‌നാട് കൃഷ്ണഗിരി രായക്കോട്ടയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു വിജിത്ത്. ഈ കമ്പനിയിൽ വിജിത്ത് ജോലി വാങ്ങി നൽകിയ കണ്ടല്ലൂർ സ്വദേശിനിയായ സ്ത്രീയുമായി സാമ്പത്തിക ഇടപാടുകൾ നിലനിന്നിരുന്നു. വീടുപണിക്കായി വിജിത്ത് വാങ്ങിയ പണം പൂർണമായി തിരികെ നൽകിയെങ്കിലും ഇവർ വിജിത്തിനെ നിരന്തരം സാമ്പത്തിക ആവശ്യങ്ങൾ പറഞ്ഞ് ബുദ്ധിമുട്ടിച്ചിരുന്നതായി സഹോദരൻ ആരോപിക്കുന്നു.
കഴിഞ്ഞ ഡിസംബറിലാണ് വിജിത്ത് തൂങ്ങിമരിച്ചതായി പറയുന്നത്. തുടർന്ന് വിജിത്ത് തന്‍റെ ഭർത്താവാണെന്ന് അവകാശപ്പെട്ട് ഈ സ്ത്രീയും സഹപ്രവർത്തകനായ ചെങ്ങന്നൂർ സ്വദേശിയും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങുകയും ബന്ധുക്കളെ അറിയിക്കാതെ ഹൊസൂരിലെ പൊതുശ്മശാനത്തിൽ സംസ്‌കരിക്കുകയുമായിരുന്നു. വിജിത്ത് വിവാഹിതനല്ലെന്നിരിക്കെയാണ് ഇത്തരമൊരു നീക്കം നടന്നത്. ബന്ധുക്കളുടെ ഫോൺ നമ്പറുകൾ കയ്യിലുണ്ടായിരുന്നിട്ടും എട്ടുമാസത്തോളം മരണവിവരം മറച്ചുവെച്ചതിലും, വിജിത്തിന്‍റെ സാധനങ്ങളും തിരിച്ചറിയൽ രേഖകളും ഇവർ കൈവശപ്പെടുത്തിയതിലും കുടുംബം ദുരൂഹത ആരോപിക്കുന്നു. സാമ്പത്തിക ആനുകൂല്യങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമമാണോ ഇതിനു പിന്നിലെന്നും ഫോണിലെ സിം കാർഡ് മാറ്റി ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ചതായും പരാതിയിലുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam