
കണ്ണൂർ: പറക്കമുറ്റാത്ത കുഞ്ഞുങ്ങളുൾപ്പെട്ട കുടുംബവുമായി ജപ്തി ചെയ്ത വീടിന്റെ പണി തീരാത്ത അടുക്കള വരാന്തയിൽ ദുരിത ജീവിതം നയിക്കുകയാണ് മുൻ ത്രോബോൾ താരമായ അശ്വതി. അപകടത്തിൽ പരിക്കേറ്റ ഭർത്താവും നിത്യരോഗികളായ മാതാപിതാക്കളുമായി കണ്ണൂർ തളിപ്പറമ്പിലെ അടുക്കള വരാന്തയിൽ നിന്നും ഇനി എവിടേക്കിറങ്ങുമെന്നും അശ്വതിക്കറിയില്ല. വീട് ലേലം ചെയ്യാനുള്ള നടപടികളുമായി അധികൃതർ മുന്നോട്ട് പോകുമ്പോൾ പെരുവഴിയിലേക്കിറങ്ങേണ്ടി വരുമെന്ന ആശങ്കയിലാണ് കുടുംബം.
കേരളത്തിന് പലവട്ടം വിജയം സമ്മാനിച്ച ത്രോബോൾ ടീമിലെ മിന്നും താരമായിരുന്ന അശ്വതിയുടേതാണ് ഈ വാക്കുകൾ. ഒന്നാം ക്ലാസുകാരി ആകൃത സ്കൂളിൽ നിന്നും വിശന്ന വയറുമായി വരുമ്പോൾ എന്തു കൊടുക്കുമെന്ന ആകുലതയാണ് മനസ് നിറയെ. നാലു മാസം മുമ്പാണ് കേരളാ ബാങ്ക് അധികൃതർ ആകെയുണ്ടായിരുന്ന വീട് പൂട്ടി ജപ്തി ചെയ്തത്. പണി തീരാത്ത ഈ വരാന്തക്ക് വാതിലുകളില്ലാതിരുന്നതിനാൽ പൂട്ടി സീൽ വച്ചില്ല. ആറുപേരടങ്ങുന്ന കുടുംബം ഇവിടെയാണ് അന്തിയുറങ്ങുന്നത്.
2018ലാണ് ആതിരയുടെ ഭർത്താവിന്റെ അമ്മ സുനില വീട് നിർമിക്കാനായി ആകെയുള്ള 35 സെന്റ് ഭൂമി പണയം വെച്ച് കേരളാ ബാങ്കിൽ നിന്നും ലോണെടുത്തത്. മരം മുറിക്കുന്നതിനിടെ വീണ് കാലൊടിഞ്ഞ് ഭർത്താവ് നിധിൻ കാലൊടിഞ്ഞു കിടപ്പിലായി. നിധിന്റെ അച്ഛനും കിടപ്പു രോഗിയാണ്. സുനിലക്കും ഗുരുതര രോഗങ്ങൾ ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങി. പലിശയുൾപ്പെടെ 34 ലക്ഷം രൂപയോളം തിരിച്ചടക്കണമെന്ന് ബാങ്ക് ആവശ്യപ്പെട്ടെങ്കിലും പട്ടിണി മാറ്റാൻ പോലും കഴിയാത്ത ദുരവസ്ഥയിലേക്കെത്തിയിരുന്നു കുടുംബം.
കേരളാ ത്രോബോള് ടീമിനെ പ്രതിനിധീകരിച്ചിരുന്ന അശ്വതി ഇന്റർ കൊളീജിയറ്റ് ഫുട്ബോൾ മത്സരങ്ങളിൽ കണ്ണൂർ സർവകലാശാലക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഏതു നിമിഷവും കുടുംബവുമായി ഈ വരാന്തയിൽ നിന്നും ഇറങ്ങേണ്ടി വന്നേക്കാം. കുരുന്നുകളുടെ കൈ പിടിച്ച് എവിടേക്ക് പോകുമെന്ന ചോദ്യമാണ് അശ്വതിയുടെ മനസ് നിറയെ.
.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam