
തിരുവനന്തപുരം: നടന്മാരായ കുഞ്ചാക്കോ ബോബനും പൃഥ്വിരാജ് സുകുമാരനും വനം വകുപ്പിൻ്റെ ബ്രാൻഡ് അംബാസഡർമാരാകും. വനം - വന്യജീവി സംരക്ഷണ ബോധവൽക്കരണം, വനം വകുപ്പിന്റെ പദ്ധതികളുടെ പ്രചാരണം അടക്കം ഏഴ് പ്രവർത്തന മേഖലകളാണ് ഇരുവർക്കുമുള്ളത്. നേരത്തെ ഏഷ്യാനെറ്റ് ന്യൂസിൻ്റെ 'കാട് വിളിക്കുന്നു ഒരു വർക്കേഷൻ മോഡ്' എന്ന പരിപാടിയിൽ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ഇതേക്കുറിച്ച് സൂചന നൽകിയിരുന്നു. കുഞ്ചാക്കോ ബോബൻ്റെ സാന്നിധ്യത്തിലായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്.
1. വനം - വന്യജീവി സംരക്ഷണ ബോധവൽക്കരണം
വനങ്ങൾ, വന്യജീവികൾ, ജൈവവൈവിധ്യം, ആവാസവ്യവസ്ഥയുടെ സംരക്ഷണം, പാരിസ്ഥിതിക സന്തുലിതാവസ്ഥ എന്നിവയെക്കുറിച്ച് പൊതുപരിപാടികൾ, റെക്കോർഡ് ചെയ്ത സന്ദേശങ്ങൾ, ഡിജിറ്റൽ ആശയവിനിമയ മാർഗങ്ങൾ എന്നിവയിലൂടെ ബോധവൽക്കരണം നടത്തുക.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
2. വനം വകുപ്പിന്റെ പദ്ധതികളുടെ പ്രചാരണം
വകുപ്പിന്റെ തിരഞ്ഞെടുത്ത പദ്ധതികൾ, പൊതുസേവനങ്ങൾ, സംരക്ഷണ കാംപെയ്നുകൾ, പൊതുജന പങ്കാളിത്ത പരിപാടികൾ എന്നിവയുടെ പ്രചാരണത്തിന് പിന്തുണ നൽകുക.
3. കുട്ടികളുമായും യുവജനങ്ങളുമായും ഇടപെടൽ
വിദ്യാഭ്യാസ പരിപാടികൾ, സംവേദനാത്മക സംവാദങ്ങൾ, പ്രകൃതിപഠന ക്യാമ്പുകൾ, യുവജനങ്ങൾക്കായുള്ള ഡിജിറ്റൽ ഉള്ളടക്കങ്ങൾ എന്നിവയിലൂടെ കുട്ടികളിലും വിദ്യാർത്ഥികളിലും യുവാക്കളിലും പ്രകൃതിയോടുള്ള താൽപര്യം വളർത്തുക.
4. സാമൂഹ്യ മാധ്യമങ്ങളും പൊതുജന ആശയവിനിമയവും
വകുപ്പിന്റെ ഔദ്യോഗിക സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ സ്ഥിരീകരിച്ച സംരക്ഷണ സന്ദേശങ്ങൾ, ബോധവൽക്കരണ വീഡിയോകൾ, വകുപ്പിന്റെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ പങ്കുവയ്ക്കുക.
5. സർഗാത്മകവും സാംസ്കാരികവുമായ പ്രചാരണം
സിനിമ എന്ന മാധ്യമം പ്രയോജനപ്പെടുത്തി വനം - വന്യജീവി സംരക്ഷണ സന്ദേശങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എളുപ്പത്തിൽ എത്തിക്കുന്ന നൂതന ആശയവിനിമയ രീതികൾ വികസിപ്പിക്കുക.
6. സമൂഹ പങ്കാളിത്തവും മനുഷ്യ - വന്യജീവി സഹവർത്തിത്വവും
വന്യജീവികളോട് ഉത്തരവാദിത്തപരമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കുക, വനാശ്രിത സമൂഹങ്ങളോട് ആദരവ് പുലർത്തുക, വന്യജീവികളുമായുള്ള ഏറ്റുമുട്ടലുകൾ ഉണ്ടാകുമ്പോൾ സുരക്ഷിതമായി പ്രതികരിക്കേണ്ട രീതികളെക്കുറിച്ച് ബോധവൽക്കരണം നടത്തുക, സംരക്ഷണ പ്രവർത്തനങ്ങളിൽ പൊതുജനപങ്കാളിത്തം ഉറപ്പാക്കുക.
7. പ്രകൃതിപഠനവും പരിസ്ഥിതി സാക്ഷരതയും
ആവാസവ്യവസ്ഥകൾ, ജൈവവൈവിധ്യം, പാരിസ്ഥിതിക പരസ്പരബന്ധങ്ങൾ, സുസ്ഥിരമായ സഹവർത്തിത്വത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് പൊതുജനങ്ങളുടെ അറിവ് വർധിപ്പിക്കുന്ന പരിപാടികൾക്ക് പിന്തുണ നൽകുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam