
കണ്ണൂർ: കണ്ണൂർ തെക്കീ ബസാറിലെ 110 വർഷം പഴക്കമുള്ള ഇടിഞ്ഞു വീഴാറായ കെട്ടിടത്തിൽ ഭീതിയോടെ താമസിക്കുകയാണ് 85 കാരി പ്രേമിയും കുടുംബവും. പ്രേമിയുടെ ഭർത്താവ് കോർപ്പറേഷനിൽ വാച്ച്മാനായിരുന്നു. അന്ന് അനുവദിച്ച് കിട്ടിയതായിരുന്നു ഈ ക്വാട്ടേഴ്സ്, കഴിഞ്ഞ 80 വർഷമായി ഇവിടെയാണ് കുടുംബം താമസിക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് കടമുറികളായിരുന്നു ഇവിടെ, മുന്നിലും പിന്നിലും ഓരോ ഞാലി ( വരാന്ത ) കൂട്ടിയെടുത്ത്, അടുക്കളയും കൂടി വച്ചാണ് ക്വാർട്ടേഴ്സായി മാറ്റിയത്. എറ്റവും താഴെക്കിടയിലുള്ള ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സ്, അങ്ങനെയാണ് പ്രേമിയുടെ ഭർത്താവ് ഇവിടെ വാടകയ്ക്ക് താമസിക്കാൻ എത്തുന്നത്.
പലപ്പോഴായി ഇവരെ ഇവിടെ നിന്നൊഴിപ്പിക്കാൻ കോർപ്പറേഷൻ അധികൃതർ ശ്രമം നടത്തി. ഒടുവിൽ കേസായി, ഹൈക്കോടതി വരെ കേസ് പറഞ്ഞു. പഴയ വാടക ചീട്ടുകൾ തുണയായി, അതുള്ളത് കൊണ്ട് മാത്രം ഒടുവിൽ അനുകൂല ഉത്തരവുണ്ടായി, ഇറക്കി വിടാനാകില്ല. പക്ഷേ കെട്ടിടത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുതെന്നാണ് കോടതി നിർദ്ദേശം. ഉദ്യോഗസ്ഥർ ഒരുപാടുപദ്രവിച്ചുവെന്നാണ് പ്രേമി പറയുന്നത്. പലപ്പോഴായി ഇറങ്ങിപ്പോകാൻ പറഞ്ഞു. ഉത്രാട നാളിൽ എല്ലാം പുറത്തിട്ട് ഇപ്പോൾ ഇറങ്ങണമെന്ന് ശാഠ്യം പിടിച്ചു. ഇറങ്ങിയാൽ പക്ഷേ എങ്ങോട്ട് പോകാൻ.
കാലപ്പഴക്കം കൊണ്ട് പൊളിഞ്ഞ് വീഴാറായ കെട്ടിടത്തിൽ ജീവൻ കയ്യിൽ പിടിച്ചാണ് ഇവർ ദിവസങ്ങൾ തള്ളി നീക്കുന്നത്. ഒരു ചെറു മഴ പെയ്താൽ പോലും വീട് ചോർന്നൊലിക്കും. മേൽക്കൂര എപ്പോൾ വേണമെങ്കിലും നിലം പൊത്താം. നിധിയുണ്ടായിട്ടൊന്നുമല്ല പിടിച്ച് നിൽക്കുന്നത്. പോകാൻ വേറേ ഇടമില്ലാഞ്ഞിട്ടാണെന്ന് പ്രേമി പറയുന്നു. മണി മാളികയൊന്നും വേണ്ട ഒരു കുഞ്ഞ് കൂര മതി.
സ്വന്തമായി ഭൂമിയോ സ്ഥിരവരുമാനമോ ഏഴംഗ കുടുംബത്തിന് ഇല്ല. മകൻ ഹൃദ്‍രോഗിയാണ്. ഒരു പരിഹാരത്തിനായി പല തവണ ജനപ്രതിനിധികളെ കണ്ടിട്ടും സഹായം കിട്ടിയില്ല. ഭരണം കിട്ടിയാൽ എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് പോകുന്നവരെ പിന്നെ കണ്ടിട്ടേയില്ലെന്ന് പറയുന്നു പ്രേമി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam