'മാതൃകാ അധ്യാപികയായിരുന്ന 94 വയസ്സുള്ള അമ്മയെപ്പോലും പ്രതിയാക്കി'; ഈ കുടുംബം ഇന്നുവരെ ആരെയും വഞ്ചിച്ചിട്ടില്ലെന്ന് ഷിബു ബേബി ജോണ്‍

Published : Jan 17, 2026, 01:10 AM IST
RSP Shibu baby john

Synopsis

തനിക്കെതിരായ സാമ്പത്തിക വഞ്ചനാ കേസിൽ പ്രതികരണവുമായി മുൻ മന്ത്രി ഷിബു ബേബി ജോൺ. താനോ കുടുംബാംഗങ്ങളോ പരാതിക്കാരനിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്നും ഫ്ലാറ്റ് നിർമ്മാണ കമ്പനി തങ്ങളെയും വഞ്ചിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

തിരുവനന്തപുരം: തന്‍റെ പേരിൽ ചുമത്തിയ സാമ്പത്തിക വഞ്ചനാ കേസിൽ പ്രതികരണവുമായി മുൻ മന്ത്രിയും ആർ എസ് പി നേതാവുമായ ഷിബു ബേബി ജോണ്‍. 2020ൽ പണം നൽകിയിട്ടും ഫ്ലാറ്റ് കൈമാറിയില്ലെന്ന തിരുവനന്തപുരം സ്വദേശിയുടെ പരാതിയിലാണ് ഷിബു ബേബി ജോണിനും കുടുംബത്തിനുമെതിരെ കേസെടുത്തത്. പരാതി നൽകിയ വ്യക്തിയെ താൻ ഇന്ന് വരെ കണ്ടിട്ടില്ലെന്നും താനോ കുടുംബാംഗങ്ങളോ ഒരു രൂപ പോലും ഈ വ്യക്തിയിൽ നിന്ന് കൈപ്പറ്റിയിട്ടില്ലെന്നും ഷിബു ബേബി ജോണ്‍ പറയുന്നു.

കുടുംബത്തിന്‍റെ സ്ഥലം ജോയിൻ വെഞ്ച്വർ മാതൃകയിൽ ഫ്ലാറ്റ് നിർമിക്കാൻ നൽകുകയും കൺസ്ട്രക്ഷൻ കമ്പനിയുമായി കരാറിലേർപ്പെടുകയും ചെയ്തു എന്നത് വസ്തുതയാണെന്ന് ഷിബു ബേബി ജോണ്‍ പറയുന്നു. എന്നാൽ നാലു വർഷം കൊണ്ട് ഫ്ലാറ്റ് പൂർത്തീകരിക്കേണ്ട നിർമ്മാണ കമ്പനി ഇതുവരെ അത് പൂർത്തിയാക്കാതെ തങ്ങളെയും വഞ്ചിക്കുകയായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. പരാതിക്കാരൻ ഇക്കാലയളവിൽ ഒരിക്കൽ പോലും തങ്ങളെ ബന്ധപ്പെടുകയോ നിർമാണ കമ്പനി വാങ്ങിയ അഡ്വാൻസ് തിരിച്ചു ചോദിക്കുകയോ ചെയ്തിട്ടില്ല. താൻ രാഷ്ട്രീയക്കാരൻ ആയതിനാൽ ഇത്തരം കേസിനു പിന്നിലെ ദുരുദ്ദേശം കൃത്യമായി തിരിച്ചറിയാനാകും. എന്നാൽ അമ്മ അടക്കമുള്ള കുടുംബാംഗങ്ങളെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തതു കൊണ്ടുതന്നെ ഇത് വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. കള്ളക്കേസ് രജിസ്റ്റർ ചെയ്തതിനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോക തന്നെ ചെയ്യുമെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.

ഷിബു ബേബി ജോണിന്‍റെയും കുടുംബത്തിന്‍റെയും പേരിലുള്ള ചാക്കയിലെ ഭൂമിയിലാണ് ഫ്ലാറ്റ് നിർമാണം. ആൻറോ ബിൽഡേഴ്സ് എന്ന സ്ഥാപനവുമായാണ് ഷിബു ബേബി ജോണിന്‍റെ കുടുംബം കരാറുണ്ടാക്കിയത്. ഫ്ലാറ്റുണ്ടാക്കാൻ ആന്‍റോ ബിൽഡേഴ്സിന് കുമാരപുരം സ്വദേശി അലക്സ് 15 ലക്ഷം രൂപ നൽകിയിരുന്നു. 2020ൽ പണം കൈമാറുമ്പോള്‍ നാലു വർഷത്തിനുള്ളിൽ ഫ്ലാറ്റ് നിർമ്മിച്ചു നൽകുമെന്നായിരുന്നു കരാർ. എന്നാൽ, ഫ്ലാറ്റ് നിർമ്മാണം പൂർത്തിയാകാത്തിനാലാണ് ഭൂഉടമയായ ഷിബുബേബി ജോണിനെതിരെ കൂടി പരാതി നൽകിയത്. ആദ്യം സിവിൽ കേസാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് പരാതി എഴുതി തള്ളിയിരുന്നു. എന്നാൽ പരാതിക്കാരൻ പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതോടെയാണ് കേസെടുത്തത്.

കുറിപ്പിന്‍റെ പൂർണരൂപം

ഈ കുടുംബം ഇന്നുവരെ ആരെയും വഞ്ചിച്ചിട്ടില്ല.

എന്റെ കുടുംബത്തിനും എനിക്കുമെതിരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ ഒരു എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത വാർത്ത ഇന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണല്ലോ. ഒരു കാര്യം ആമുഖമായി പറയാം, പരാതി നൽകിയ വ്യക്തിയെ ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല. ഞാനോ എന്റെ കുടുംബാംഗങ്ങളോ ഒരു രൂപ പോലും ഈ വ്യക്തിയിൽ നിന്ന് കൈപ്പറ്റിയിട്ടും ഇല്ല. തെരഞ്ഞെടുപ്പടുക്കുമ്പോൾ ഇത്തരം ആരോപണങ്ങൾ ഉയർന്നുവരുന്നത് ആനുകാലിക രാഷ്ട്രീയ സാഹചര്യത്തിൽ സ്വാഭാവികമാണ്. എന്നാൽ 94 വയസ്സുള്ള എന്റെ അമ്മയെ പോലും ഈ കേസിൽ പ്രതിയാക്കിയിരിക്കുകയാണ്. മാതൃകാ അധ്യാപികയായിരുന്ന അമ്മയ്ക്ക് ഇക്കാലയളവിനുള്ളിൽ ഇത്തരമൊരു അനുഭവം ആദ്യമായാണ്.

ഞങ്ങളുടെ സ്ഥലം ജോയിൻ വെഞ്ച്വർ മാതൃകയിൽ ഫ്ലാറ്റ് നിർമിക്കാൻ നൽകുകയും കൺസ്ട്രക്ഷൻ കമ്പനിയുമായി കരാറിലേർപ്പെടുകയും ചെയ്തു എന്നത് വസ്തുതയാണ്. എന്നാൽ നാലുവർഷംകൊണ്ട് ഫ്ലാറ്റ് പൂർത്തീകരിക്കേണ്ട നിർമ്മാണ കമ്പനി ഇതുവരെ അത് പൂർത്തിയാക്കാതെ ഞങ്ങളെയും വഞ്ചിക്കുകയായിരുന്നു. ഭൂവുടമ എന്ന നിലയിൽ, എന്തെങ്കിലും പരാതികൾ ഉണ്ടായാൽ അത് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ (റെറ) ആണ് പരിഹരിക്കേണ്ടത് എന്ന കരാറാണ് നിർമ്മാണ കമ്പനിയുമായി ഞങ്ങൾക്കുള്ളത്. പരാതിക്കാരൻ ഇക്കാലയളവിൽ ഒരിക്കൽ പോലും ഞങ്ങളെ ബന്ധപ്പെടുകയോ നിർമാണ കമ്പനി വാങ്ങിയ അഡ്വാൻസ് ഞങ്ങളോട് തിരിച്ചു ചോദിക്കുകയോ ചെയ്തിട്ടില്ല. എന്നിട്ടും ഇത്തരം ഒരു സാഹചര്യത്തിൽ ഇയാളുടെ പരാതിയിൽ ഒരു വഞ്ചന കേസ് രജിസ്റ്റർ ചെയ്യാൻ പോലീസിന് എങ്ങനെയാണ് സാധിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഞാനൊരു രാഷ്ട്രീയക്കാരൻ ആയതിനാൽ ഇത്തരം ഒരു കേസിനു പിന്നിലെ ദുരുദ്ദേശം കൃത്യമായി തിരിച്ചറിയാനാകും. എന്നാൽ എന്റെ അമ്മ അടക്കമുള്ള കുടുംബാംഗങ്ങളെ പോലീസ് സ്റ്റേഷനിൽ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തതു കൊണ്ടുതന്നെ ഇത് വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല. ഭാരതീയ ന്യായസംഹിത പ്രകാരം കള്ളക്കേസ് രജിസ്റ്റർ ചെയ്തതിനെതിരെയും മാനനഷ്ടത്തിനുമുള്ള നിയമനടപടികളുമായി മുന്നോട്ടുപോകതന്നെ ചെയ്യും. ഇതിന് പിന്നിൽ ഗൂഢാലോചന നടത്തിയവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വ്രണവുമായി എത്തിയ 5 വയസുകാരിക്ക് മതിയായ ചികിത്സ ലഭിച്ചില്ല; മഞ്ചേരി ​ഗവൺമെന്റ് മെഡിക്കൽ കോളേജിനെതിരെ പരാതി
ഐപിഎസ് തലപ്പത്ത് വീണ്ടും വൻ അഴിച്ചുപണി; എസ് ഹരിശങ്കറിനെ വീണ്ടും മാറ്റി, കാളിരാജ് മഹേശ്വർ കൊച്ചി കമ്മീഷണർ