
കൊല്ലം: മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴായി. രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വര്‍ക്ക് ഷോപ്പ് തുടങ്ങാൻ കഴിയാതെ ആത്മഹത്യ ചെയ്ത പ്രവാസി സുഗതന്‍റെ മക്കൾ തുടങ്ങിയ വര്‍ക്ക് ഷോപ്പ് പൊളിച്ചുമാറ്റാൻ പഞ്ചായത്തിന്‍റെ അന്ത്യശാസനം . ഇതോടെ വര്‍ക്ക് ഷോപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ് സുഗതന്‍റെ കുടുംബം.
വിളക്കുടി പഞ്ചായത്തിലെ വി എം കുര്യൻ എന്ന ആളിന്‍റെ പേരിലുള്ള 14 1/2 സെന്‍റ് ഭൂമിയാണ് വർക് ഷോപ്പ് തുടങ്ങാനായി സുഗതൻ മൂന്നു വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തത്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വര്‍ക് ഷോപ് തുടങ്ങാനാകാതെ സുഗതൻ ആത്മഹത്യ ചെയ്തതോടെ സംഭവം വിവാദമായി.
സര്‍ക്കാര്‍ ഇടപെടൽ ഉണ്ടായതോടെ വര്‍ക് ഷോപ്പ് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും പഞ്ചായത്ത് ഇതുവരെ ലൈസൻസ് നല്‍കിയിട്ടില്ല. നികുതി ഇനത്തിൽ നല്‍കാനുളള 20000ത്തിലധികം രൂപ അടച്ച് പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാണ് സിപിഐ നേതൃത്വം നല്‍കുന്ന പഞ്ചായത്തിന്‍റെ അന്ത്യശാസനം. മുഖ്യമന്ത്രിയുടെ ഉറപ്പിൽ 8 ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് കുടുംബം വര്‍ക്ക് ഷോപ്പ് തുടങ്ങിയത്. വര്‍ക്ക് ഷോപ്പ് പൂട്ടിയില്ലെങ്കില്‍ ഉപകരണങ്ങളടക്കം കൊണ്ടുപോകുമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം വര്‍ക് ഷോപ് സ്ഥിതി ചെയ്യുന്ന സ്ഥലം ഒഴിപ്പിച്ചു തരണമെന്നാവശ്യപ്പെട്ട് കുര്യന്‍റെ ഒരു മകൻ ഷിബു കുര്യനും പഞ്ചായത്തിനെ സമീപിച്ചിരുന്നു. പ്രശ്നങ്ങളും വിവാദങ്ങളും തുടരുന്നതിനിടെ വര്‍ക്ക് ഷോപ്പ് പ്രവര്‍ത്തനം നിര്‍ത്താനാണ് സുഗതന്‍റെ കുടുംബത്തിന്‍റെ തീരുമാനം . 2018 ഫെബ്രുവരി 23നാണ് ഇളമ്പൽ പൈനാപ്പിൾ ജംഗ്ഷനില്‍ നിര്‍മാണത്തിലിരുന്ന വര്‍ക്ക് ഷോപ്പില്‍ സുഗതൻ ആത്മഹത്യ ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam