'ഫോണ്‍ ഹാക്ക് ചെയ്‌തിരുന്നു'; മാധ്യമപ്രവർത്തകന്‍റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

By Web TeamFirst Published Dec 14, 2020, 9:03 PM IST
Highlights

പ്രദീപ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ ഒരു മിനി ലോറി ഇടിച്ചുവെന്നാണ് പൊലീസ് നിഗമനം. ഇടിച്ച വാഹനം നിർത്താതെ പോയി. അരമണിക്കൂറിന് ശേഷം ആംബലുൻസ് എത്തിയശേഷമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റിയത്.

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ് വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചതിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. പ്രദീപിന് സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നതായി അമ്മയും സഹോദരിയും പറഞ്ഞു. തന്‍റെ ഫോണ്‍ ഒരിക്കല്‍ ഹാക്ക് ചെയ്‌തെന്ന് പ്രദീപ് പറഞ്ഞിരുന്നതായും കുടുംബം പറഞ്ഞു. നേമം കാരയ്ക്കാമണ്ഡപം ജംഗ്ഷന് സമീപം വൈകീട്ട് മൂന്നരയോടെയുണ്ടായ അപകടത്തിലാണ് പ്രദീപ് മരിച്ചത്. പ്രദീപ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ ഒരു മിനി ലോറി ഇടിച്ചുവെന്നാണ് പൊലീസ് നിഗമനം. ഇടിച്ച വാഹനം നിർത്താതെ പോയി. തലച്ചോറ് അടക്കം ചിതറിയ നിലയിലായിരുന്നു. അരമണിക്കൂറിന് ശേഷം ആംബലുൻസ് എത്തിയശേഷമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റിയത്. പ്രദീപ് ഹെൽമെറ്റ് ധരിച്ചിരുന്നു. തിരുവനന്തപുരത്തുനിന്നും പള്ളിച്ചലിലെ വീട്ടിലേക്ക് പോകുകയായിരുന്നു പ്രദീപ്. 

അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അപകടം നടന്ന സ്ഥലത്തെ ഒരു കടയിലെ സിസിടിവി ദൃശ്യമാണ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയത്. ഇതും പൊലീസും ശേഖരിച്ചിട്ടുണ്ട്.കൂടുതൽ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് തേടുന്നുണ്ട്. പൊലീസ് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു. പ്രദീപിന്‍റെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രനും ആവശ്യപ്പെട്ടു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  കൈരളി ടിവി, മനോരമ ന്യൂസ് ,മംഗളം ടിവി എന്നിവിടങ്ങളിലും നിരവധി ഓൺലൈൻ സ്ഥാപനങ്ങളിലും പ്രദീപ് ജോലി ചെയ്തിട്ടുണ്ട്. നിലവിൽ ഭാരത് ലൈവ് ടിവി എന്ന സ്ഥാപനം നടത്തുകയായിരുന്നു പ്രദീപ്.

click me!