ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത കുന്നംകുളം നഗരസഭയിൽ, ഏറ്റവും വലിയ കക്ഷിയായ എൽഡിഎഫ് ഭരണം അവകാശപ്പെടുമ്പോൾ അവരെ പുറത്തുനിർത്താൻ വിചിത്ര സഖ്യത്തിനുള്ള ചർച്ചകളും നടക്കുന്നുണ്ട്.
തൃശൂർ: ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത കുന്നംകുളം നഗരസഭയില്‍ ഭരണം പിടിക്കാനുള്ള വഴിതേടി മുന്നണികള്‍. ഏറ്റവും വലിയ മുന്നണിയായ എൽ ഡി എഫ്, ഭരിക്കാനുള്ള അവകാശവാദം ഉന്നയിക്കുന്നു. എൽ ഡി എഫിനെ അകറ്റി നിര്‍ത്താന്‍ സ്വതന്ത്രയെ മുന്‍നിര്‍ത്തി വിചിത്ര സഖ്യത്തിനുള്ള സാധ്യത തേടുകയാണ് മറ്റു പാര്‍ട്ടികള്‍.
18 സീറ്റുള്ള എല്‍ ഡി എഫാണ് കുന്നംകുളം നഗരസഭയിലെ വലിയ കക്ഷി. കോണ്‍ഗ്രസ് ഒമ്പതും ആർ എം പി നാലും എന്‍ ഡി എ ഏഴും സീറ്റുകളിൽ ജയിച്ചു. ഒരു സീറ്റിൽ സ്വതന്ത്രയാണ് വിജയിച്ചത്. കേവല ഭൂരിപക്ഷമായ ഇരുപതില്ലെങ്കിലും നഗരസഭ ഭരിക്കാനുള്ള നീക്കവുമായി എല്‍ഡി എഫ് മുന്നോട്ട് പോകുമ്പോഴാണ് അത് തടയാനുള്ള ചര്‍ച്ചകള്‍ മറുവശത്ത് തുടങ്ങിയത്. കാണിപ്പയ്യൂര്‍ വാര്‍ഡില്‍ വിജയിച്ച സ്വതന്ത്രയായ കെ പി മിനിയെ ചെയര്‍പേഴ്സണും ആര്‍എം പിയിലെ സോമനെ വൈസ് ചെയര്‍മാനും ആക്കി ഭരണം പിടിക്കാനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. അവിടെ പക്ഷെ പ്രതിസന്ധി ബി ജെ പിയുമായി കോണ്‍ഗ്രസും ആര്‍ എം പിയും കൈകോര്‍ക്കണമെന്നതാണ്. പ്രാദേശിക നേതാക്കളിൽ ചിലർക്ക് താത്പര്യമുണ്ടെങ്കിലും സംസ്ഥാന നേതൃത്വം ഇത് അനുവദിക്കണമെന്നില്ല. ആര്‍ എം പിയിലെ ഒരു വിഭാഗവും കോണ്‍ഗ്രസിലെ ചില നേതാക്കളുമാണ് സഖ്യ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
എന്നാൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിയുന്നതിന് പിന്നാലെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ച് ഭരണത്തിന് അവകാശവാദം ഉന്നയിക്കാനാണ് ഇടതു മുന്നണിയുടെ തീരുമാനം. കേരളത്തിൽ പരസ്യമായി ബി ജെ പിയുടെ വോട്ടുവാങ്ങി കോണ്‍ഗ്രസിന് ഭരിക്കാൻ കഴിയുമോ എന്നാണ് സി പി എമ്മിന്‍റെ ചോദ്യം. അതുകൊണ്ട് കുന്നംകുളത്ത് എൽ ഡി എഫ് തന്നെ വരുമെന്നാണ് സി പി എമ്മിന്‍റെ പ്രാദേശിക നേതാക്കൾ പറയുന്നത്.



