ചെറുപുഴയിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; മരണകാരണം അധ്യാപകരുടെ മാനസിക പീഡനമെന്ന് സംശയിക്കുന്നതായി കുടുംബം

By Web TeamFirst Published Nov 25, 2019, 2:54 PM IST
Highlights

മകന്‍റെ ആത്മഹത്യ അധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്നെന്ന് കാട്ടി കാട്ടി  വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. 

കണ്ണൂർ: ചെറുപുഴയിൽ പത്താംക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിലെ രണ്ട് അധ്യാപകർക്കെതിരെ മരിച്ച വിദ്യാർത്ഥിയുടെ കുടുംബം.  ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച രണ്ട് അധ്യാപകരുടെ മാനസിക പീഡനം കാരണമാണ് മകൻ ആത്മഹത്യ ചെയ്തതെന്ന് ആൽബിന്‍റെ അമ്മ പറഞ്ഞു. കുടുംബത്തിനെതിരെ ചിലർ അപവാദ പ്രചാരണം നടത്തുന്നതായും ഇവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കാട്ടി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കുടുംബം പരാതി നൽകി. കഴിഞ്ഞ 20ന് പുലർച്ചെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു ചെറുപുഴ സെന്‍റ് മേരീസ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായ ആൽബിനെ.  

രണ്ട് അധ്യാപകരുടെ പേര് സഹിതം കടുത്ത വാക്കുകളാണ് ആത്മഹത്യാക്കുറിപ്പിൽ ആൽബിൻ എഴുതിയിരിക്കുന്നത്. മൊബൈൽ ഫോൺ നൽകാത്തതിലെ പ്രശ്‍നങ്ങളാണ് മരണത്തിന് കാരണമെന്ന തരത്തിൽ ചിലർ പ്രചാരണം നടത്തിയിരുന്നു. നിലവിൽ ആത്മഹത്യാ കുറിപ്പ് പൊലീസ് കസ്റ്റഡിയിലാണ്. വരും ദിവസങ്ങളിൽ ഈ രണ്ട് അധ്യാപകരെ ചോദ്യം ചെയ്തേക്കും. ഇതിനിടെ, സ്കൂളിലെ ബഞ്ച് തുളച്ചതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടായതായി പറയുന്നുണ്ട്. എന്നാൽ ഏതെങ്കിലും വിഷയത്തിൽ ആൽബിനെ വിളിച്ചുവരുത്തുകയോ മറ്റോ ഉണ്ടായിട്ടില്ലെന്നും സ്കൂളിൽ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നുമാണ് സ്‍കൂള്‍ അധികൃതരുടെ വിശദീകരണം. ഏതായാലും സമഗ്രമായ അന്വേഷണമാണ് കുടുംബം ആവശ്യപ്പെടുന്നത്.

click me!