ഗുരുവായൂര്‍ പത്മനാഭന്‍ ചരിഞ്ഞു; വിട വാങ്ങിയത് 58 വര്‍ഷം ഗുരുവായൂരപ്പന്‍റെ തിടമ്പേറ്റിയ ആന

By Web TeamFirst Published Feb 26, 2020, 2:49 PM IST
Highlights

1962 മുതല്‍ ഗുരുവായൂരപ്പന്‍റെ തിടമ്പേറ്റുന്ന പത്മനാഭന് ഗുരൂവായൂര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് വൈകാരികമായ അടുപ്പമുള്ള ആനയാണ്. 

തൃശ്ശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ പ്രസിദ്ധനായ ആന ഗുരുവായൂര്‍ പത്മനാഭന്‍ ചരിഞ്ഞു. പലവിധ അസുഖങ്ങള്‍ കാരണം ഒരു മാസത്തോളമായി ഗുരുവായൂര്‍ പത്മനാഭന്‍ ചികിത്സയിലായിരുന്നു. ചികിത്സ തുടരുന്നതിനിടെയാണ് ഭക്തജനങ്ങളേയും ആനപ്രേമികളേയും ഒരു പോലെ ദുഖത്തിലാഴ്ത്തി കൊണ്ടുള്ള പത്മനാഭന്‍റെ വിടവാങ്ങല്‍. 

1962 മുതല്‍ ഗുരുവായൂരപ്പന്‍റെ തിടമ്പേറ്റുന്ന പത്മനാഭന് ഗുരൂവായൂര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് സുപരിചതനായ ആനയാണ്. താടിയിലും അടിവയറ്റിലും നിര്‍ക്കെട്ട് അനുഭവപ്പെട്ടതോടെയാണ് ഗുരുവായൂര്‍ പത്മനാഭന് ദേവസ്വം ബോര്‍ഡ് ചികിത്സ ആരംഭിച്ചത്. 

1954 ജനുവരി 18-നാണ് ഗുരുവായൂര്‍ പത്മനാഭനെ ക്ഷേത്രത്തില്‍ നടയിരുത്തിയത്. അന്ന് ദേവസ്വം ബോര്‍ഡിന്‍റെ അഭിമാനവും ഗുരുവായൂര്‍ ക്ഷേത്രത്തിന്‍റെ അടയാളവുമായ ഗുരുവായൂര്‍ കേശവന്‍ ചരിഞ്ഞപ്പോള്‍ കേശവന്‍റെ പിന്‍ഗാമിയായി ഉയര്‍ന്നു വന്ന ആനയാണ് പത്മനാഭന്‍. 

84 വയസുള്ള പത്മനാഭന് നേരത്തെ ഗജരത്നം, ഗജചക്രവര്‍ത്തി പട്ടങ്ങളും ലഭിച്ചിരുന്നു. കേരളത്തില്‍ ഒരു ആനയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ ഏക്കത്തുക നേടിയ ആനയെന്ന പ്രശസ്തിയും പത്മനാഭനുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തെ അറുപത് വര്‍ഷത്തിലേറെക്കാലം സേവിച്ച ഈ ആനയെ ഗുരുവായൂര്‍ ദേവസ്വം നേരത്തെ ആദരിച്ചിരുന്നു. 
 

click me!