
തിടനാട് (കോട്ടയം): കാർഷിക രംഗത്തെ നൂതന രീതികൾ പഠിക്കാൻ ഇസ്രായേലിലേക്ക് യാത്ര ചെയ്യണമെന്ന് കർഷകൻ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. കര്‍ഷകരെ കൃഷി പഠിപ്പിക്കുന്നതിന് ഇസ്രയേലിലേക്ക് പഠനയാത്ര നടത്തണമെന്നാണ് പഞ്ചായത്ത് കമ്മിറ്റിയില്‍ കര്‍ഷകൻ അപേക്ഷിച്ചത്. എന്നാൽ, കർഷകന്റെ അപേക്ഷ പഞ്ചായത്ത് തള്ളി. കര്‍ഷക കോണ്‍ഗ്രസ് തിടനാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റോയി കുര്യന്‍ തുരുത്തിയിലാണ് അപേക്ഷ പഞ്ചായത്ത് കമ്മിറ്റിക്ക് നൽകിയത്. റോയ് കുര്യന്റെ അപേക്ഷ കമ്മിറ്റിയില്‍ ചര്‍ച്ചയ്‌ക്കെടുത്തു. അപേക്ഷ നിരസിക്കണമെന്ന് ഭൂരിപക്ഷ അംഗങ്ങളും അറിയിച്ചതോടെ അപേക്ഷ തള്ളി. കൃഷിഭവൻ എല്ലാ വർഷവും നടപ്പാക്കുന്ന പദ്ധതികൾ വെട്ടിച്ചുരിക്കി പഞ്ചായത്തിലെ നൂറോളം യുവകര്‍ഷകരെ കൃഷി പഠിക്കുന്നതിനായി ഇസ്രായേലിൽ അയയ്ക്കണമെന്നാണ് റോയ് കുര്യൻ ആവശ്യപ്പെട്ടത്. ചെലവ് പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിലുള്‍പ്പെടുത്തി കണ്ടെത്തണമെന്നും ഇയാൾ ആവശ്യപ്പെട്ടു.
ഇസ്രയേലിലേക്ക് പോയ കർഷക സംഘത്തിൽ നിന്ന് കർഷകൻ മുങ്ങിയിരുന്നു. പായം സ്വദേശി ബിജു കുര്യനാണ് ഇസ്രായേലിൽ മുങ്ങിയത്. ഇസ്രായേലിലെ കൃഷിരീതികൾ പഠിക്കാൻ സംസ്ഥാനത്തുനിന്ന് പോയ കർഷക സംഘത്തിൽ നിന്ന് മുങ്ങിയ ബിജു കുര്യനെ മടങ്ങുന്നതിന്റെ തൊട്ടുതലേന്നാണ് കാണാതായത്. ആസൂത്രണം ചെയ്താണ് ബിജു കുര്യൻ സംഘത്തിൽ നിന്ന് മുങ്ങിയതെന്ന് സഹയാത്രികർ പറഞ്ഞു. ഇസ്രായേലിൽ ശുചീകരണ ജോലി ചെയ്താൽ തന്നെ ദിവസം 15,000 രൂപ ലഭിക്കും.
കൃഷിപ്പണിക്ക് ഇരട്ടിയാണ് കൂലിയെന്നും ബിജു ഒപ്പമുള്ളവരോട് പറഞ്ഞിരുന്നു. ഇതെല്ലാമറിഞ്ഞ് വളരെ ആസൂത്രിതമായാണ് ബിജു മുങ്ങിയതെന്ന് സഹയാത്രികനായ സുജിത് മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ ഇസ്രായേലിൽ തങ്ങുക എന്ന ലക്ഷ്യത്തോടെ വളരെ മുന്നൊരുക്കത്തോടെയും ആസൂത്രണത്തോടെയുമാണ് ബിജു സംഘത്തിനൊപ്പം ചേർന്നതെന്നാണ് അധികൃതരുടെ നിഗമനം.