15ന് പുലര്‍ച്ചെ മറ്റ് മൂന്ന് പേരും കൂടെ അപ്രത്യക്ഷമായെന്ന് പുരോഹിതന്‍റെ പരാതിയില്‍ പറയുന്നു. ഇസ്രയേല്‍ പൊലീസില്‍ അപ്പോള്‍ തന്നെ പരാതി നല്‍കിയിരുന്നു. സൂക്ഷിക്കാൻ ഏല്‍പ്പിച്ച പാസ്പോര്‍ട്ട് ഉള്‍പ്പെടെ ഉപേക്ഷിച്ചാണ് ആറ് പേരും പോയിട്ടുള്ളതെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്

തിരുവനന്തപുരം: ഇസ്രയേല്‍ സന്ദര്‍ശിച്ച തീര്‍ത്ഥാടക സംഘത്തില്‍ ഉള്‍പ്പെട്ട ആറ് മലയാളികളെ കാണാനില്ലെന്ന് പരാതി. അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരാണ് അപ്രത്യക്ഷമായിട്ടുള്ളത്. യാത്രയ്ക്ക് നേതൃത്വം നല്‍കിയ പുരോഹിതൻ ഡിജിപിക്ക് പരാതി നല്‍കിയതോടെയാണ് വിവരങ്ങള്‍ പുറത്ത് വന്നത്. ഫെബ്രുവരി മാസം എട്ടിനാണ് 26 അംഗ സംഘം യാത്ര പുറപ്പെട്ടത്. ഈജിപ്ത് വഴി 11ന് സംഘം ഇസ്രയേലിൽ എത്തി. 14നാണ് മൂന്ന് പേരെ കാണാതായത്.

15ന് പുലര്‍ച്ചെ മറ്റ് മൂന്ന് പേരും കൂടെ അപ്രത്യക്ഷമായെന്ന് പുരോഹിതന്‍റെ പരാതിയില്‍ പറയുന്നു. ഇസ്രയേല്‍ പൊലീസില്‍ അപ്പോള്‍ തന്നെ പരാതി നല്‍കിയിരുന്നു.സൂക്ഷിക്കാൻ ഏല്‍പ്പിച്ച പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ഉപേക്ഷിച്ചാണ് ആറ് പേരും പോയിട്ടുള്ളതെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. തിരുവല്ല കേന്ദ്രമാക്കിയുള്ള ഒരു ട്രാവല്‍ ഏജന്‍സി വഴിയാണ് യാത്ര സംഘടിപ്പിച്ചത്. പോകുന്നതിന് മുമ്പ് സംഘത്തിലെ മറ്റുള്ളവരോട് ഇവര്‍ ഒന്നും തന്നെ പറഞ്ഞിട്ടില്ലെന്ന് തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കി പുരോഹിതൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.

കാര്യങ്ങള്‍ ഉടൻ തന്നെ ഇസ്രയേല്‍ പൊലീസില്‍ അറിയിച്ചിരുന്നു. തിരികെ കേരളത്തില്‍ വന്ന ശേഷം ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം നടത്തി ഉടൻ നടപടിയെടുക്കാമെന്ന് ഡിജിപി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇസ്രയേലിലേക്ക് കൃഷി പഠിക്കാൻ പോയ സംഘത്തിൽ നിന്ന് മുങ്ങിയ ബിജു കുര്യന്‍റെ വിസ റദ്ദാക്കുന്നതിൽ കൂടുതൽ തുടർനടപടികളിലേക്ക് സര്‍ക്കാര്‍ കടന്നിട്ടുണ്ട്. വിസ റദ്ദാക്കി തിരികെ അയക്കാൻ ഇസ്രയേലിലെ ഇന്ത്യൻ എംബസിക്ക് കത്ത് നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ബുജു കുര്യനെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇന്ന് വാർത്താ സമ്മേളനം നടത്തുന്ന കൃഷിമന്ത്രി ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇസ്രയേലിലേക്ക് പോയ സംഘത്തിലെ കർഷകൻ ബിജു കുര്യന്‍റെ തിരോധാനത്തിൽ കൃഷി വകുപ്പിനും കുടുംബത്തിനും കൂടുതല്‍ വ്യക്തതയൊന്നുമില്ല. താൻ സുരക്ഷിതനാണ് എന്ന് ഭാര്യക്ക് അയച്ച മെസേജിന് ശേഷം ബിജുവിനെ കുറിച്ച് ബന്ധുക്കൾക്കും വിവരമൊന്നുമില്ല. അതേസമയം, ബിജു കുര്യന്റെ അപേക്ഷ പരിശോധിച്ച് ഉറപ്പു വരുത്തിയിരുന്നുവെന്ന് പായം കൃഷി ഓഫീസർ കെ ജെ രേഖ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സര്‍ക്കാരിന്‍റെ അതിവേഗ നീക്കങ്ങള്‍; ഇസ്രയേലില്‍ മുങ്ങിയ ബിജുവിന്‍റെ വിസ റദ്ദാക്കപ്പെടും, എംബസിക്ക് കത്ത് നൽകും