
തൃശൂർ: പാടശേഖരത്തിലേക്ക് വെള്ളം ലഭിക്കാതായതോടെ അരിമ്പൂർ കൊടയാടി, അന്തിക്കാട് പടവുകളിൽ കൊയ്യാറായ നെല്ല് കരിഞ്ഞുണങ്ങി തുടങ്ങി. രണ്ടാഴ്ച്ചക്ക് ശേഷം കർഷകരുടെ പ്രതിഷേധത്തിനൊടുവിൽ വെള്ളം എത്തിയെങ്കിലും പല പടവുകളിലും താറാവ് കൃഷിക്കായി വെള്ളം കൊണ്ടു പോകുന്നത് നെൽക്കർഷകരെ ദുരിതത്തിലാക്കിയതായാണ് വ്യാപക പരാതി. കടം വാങ്ങിയും സ്വർണം പണയം വച്ചും പലിശക്കെടുത്തും കൃഷി ചെയ്യുന്നവരാണ് പലരും. പ്രതീക്ഷിച്ച വിളവ് കിട്ടിയില്ലെങ്കിൽ ഇവർ സാമ്പത്തികമായി തകരും. കൊടയാട്ടി, അന്തിക്കാട് പടവുകളിൽ വെള്ളം കിട്ടാത്തതിനാൽ നെല്ല് കരിഞ്ഞുണങ്ങി തുടങ്ങി. വിത കഴിഞ്ഞ് 80 ദിവസം കഴിഞ്ഞ പടവുകളാണിവ.
തടയണ നിർമ്മാണത്തിൻ്റെ പേരും പറഞ്ഞ് ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് രണ്ടാഴ്ച്ചയിലധികം വെള്ളം തടഞ്ഞു വച്ചത് മൂലം അരിമ്പൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന വിളക്കുമാടം തോട്ടുപുര, കൊടയാട്ടി, അന്തിക്കാട് എന്നിവിടങ്ങളിലെ പടവിൽ 2400 ഏക്കറിലധികം കൃഷി പ്രതിസന്ധിയിലായിരുന്നു. കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് വെള്ളം എത്തിയെങ്കിലും കൊടയാട്ടിയിലും, അന്തിക്കാടും കൃഷിയിടത്തിലേക്ക് വെള്ളം കിട്ടാനില്ല എന്നതാണ് അവസ്ഥ.
ഇതിന് കാരണമായി കർഷകർ ആരോപിക്കുന്നത് സമീപത്തെ ചില പടവുകളിൽ നടക്കുന്ന താറാവ് കൃഷിക്ക് വെള്ളം തുറന്നെടുക്കുന്ന പ്രവണതയാണെന്നാണ്. ഇത്തരം പ്രവർത്തികൾ കൃഷി നടക്കുന്ന പാടശേഖരങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ പാടില്ലെന്ന് ഉത്തരവുള്ളതാണ്. കൊയ്ത്തു കഴിഞ്ഞ പാടത്തേക്ക് ചാലിലൂടെ വെള്ളം കൊണ്ടു പോകുന്നത് കാരണം മെയിൻ ചാലിൽ വെള്ളം ഉയരാത്തതിനാൽ പടവിലേക്ക് വെള്ളം എത്തുന്നില്ല എന്നാണ് കർഷകരുടെ പരാതി. കൃഷി വകുപ്പ് ഇക്കാര്യത്തിൽ കൃത്യമായി ഇടപെടുന്നില്ലെന്നും കർഷകർ ആരോപിച്ചു. ജില്ലാ കളക്ടർ അടിയന്തിരമായി ഇടപെട്ട് നിയമലംഘനം നടത്തുന്ന പടവുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam