പുതിയ അന്വേഷണം പ്രഖ്യാപിച്ചത് സാധിച്ചിരുന്നെങ്കില്‍ സര്‍ക്കാര്‍ അട്ടിമറിച്ചേനെയെന്ന് സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ

By Web TeamFirst Published Mar 29, 2024, 9:30 AM IST
Highlights

''സിബിഐയെ സംബന്ധിച്ച് അവര്‍ കൊലപാതകത്തെ കുറിച്ച് മാത്രമായിരിക്കും അന്വേഷിക്കുന്നത്, ഈ അന്വേഷണ കമ്മീഷനാകുമ്പോള്‍ അതിന് പുറമെയുള്ള പല കാര്യങ്ങളും അന്വേഷിക്കുന്നുണ്ടായിരിക്കും- അഴിമതി അടക്കം...''

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥൻ മരിച്ച സംഭവത്തില്‍ 
ഗവര്‍ണര്‍ നിയോഗിച്ച അന്വേഷണ കമ്മീഷനില്‍ വിശ്വാസമെന്ന് സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ജയപ്രകാശ്. ഈ അന്വേഷണം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇത് അട്ടിമറിക്കാൻ സാധിച്ചില്ലെന്നും സാധിച്ചിരുന്നെങ്കില്‍ സര്‍ക്കാര്‍ അത് ചെയ്തിരുന്നുവെന്നും ജയപ്രകാശ് പറഞ്ഞു.

സിബിഐയെ സംബന്ധിച്ച് അവര്‍ കൊലപാതകത്തെ കുറിച്ച് മാത്രമായിരിക്കും അന്വേഷിക്കുന്നത്, ഈ അന്വേഷണ കമ്മീഷനാകുമ്പോള്‍ അതിന് പുറമെയുള്ള പല കാര്യങ്ങളും അന്വേഷിക്കുന്നുണ്ടായിരിക്കും- അഴിമതി അടക്കം, അങ്ങനെ എന്തെങ്കിലും ലക്ഷ്യം ഗവര്‍ണര്‍ക്കുമുണ്ടായിരിക്കും, അതിനാല്‍ രണ്ട് അന്വേഷണങ്ങളും സമാന്തരമായി പൊയ്ക്കോട്ടെ എന്നും ജയപ്രകാശ്.

പുതിയ വിസിയോട് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്നും ജയപ്രകാശ്. സര്‍വകലാശാലയുടെ പുതിയ വിസി ഡോ കെഎസ് അനില്‍ ഇന്ന് സിദ്ധാര്‍ത്ഥന്‍റെ വീട് സന്ദര്‍ശിക്കാനിരിക്കുകയാണ്. ആദ്യത്തെ രണ്ട് വിസിമാരോടും തങ്ങള്‍ എല്ലാ കാര്യങ്ങളും വിശദമായി സംസാരിച്ചിരുന്നതാണ്, എന്നാല്‍ അവര്‍ എല്ലാം ശരിയാക്കാം എന്ന് പറഞ്ഞുപോയി, എന്നിട്ട് സസ്പെൻഡ് ചെയ്ത എല്ലാവരെയും തിരിച്ചെടുത്തു, അതില്‍ പല താല്‍പര്യങ്ങളുമുണ്ടെന്നും ജയപ്രകാശ് കുറ്റപ്പെടുത്തി.

ഇക്കഴിഞ്ഞ ദിവസമാണ് സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ ഗവര്‍ണര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. സിബിഐ അന്വേഷണം വരെ അട്ടിമറിക്കപ്പെടുന്നുവെന്ന് സിദ്ധാര്‍ത്ഥന്‍റെ കുടുംബവും പ്രതിപക്ഷവും ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് പുതിയ അന്വേഷണം പ്രഖ്യാപിക്കുന്നത്. ഉടൻ തന്നെ കമ്മീഷൻ അന്വേഷണം ആരംഭിക്കുമെന്നാണ് അറിയുന്നത്. ഹൈക്കോടതി മുൻ ജഡ്ജി എ ഹരിപ്രസാദിനാണ് അന്വേഷണ ചുമതല. വിസിയുടെയും ഡീനിന്‍റെയും വീഴ്ച അടക്കം അന്വേഷിച്ച് മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. 

Also Read:- സിദ്ധാർത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണ‍ര്‍, വിസിയുടെയും ഡീനിന്റെയും വീഴ്ചകളും പരിശോധിക്കും 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!