മട്ടാഞ്ചേരിയിൽ മാനസിക വെല്ലുവിളിയുള്ള കുട്ടിയെ മർദ്ദിച്ച സംഭവം; അച്ഛൻ റിമാൻഡിൽ

By Web TeamFirst Published May 15, 2021, 3:49 PM IST
Highlights

മട്ടാഞ്ചേരി സ്വദേശി സുധീറിനെതിരെയാണ് പൊലീസ് വധ ശ്രമത്തിന് കേസെടുത്തത്. കുട്ടിയെ 15 വയസ് മുതൽ ഉപദ്രവിച്ചിരുന്നതായി അമ്മ മൊഴി നൽകിയിരുന്നു.

കൊച്ചി: മട്ടാഞ്ചേരിയിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അറസ്റ്റിലായ കുട്ടിയുടെ അച്ഛനെ റിമാൻഡ് ചെയ്തു. മട്ടാഞ്ചേരി ചെറളായി സ്വദേശി സുധീറിനെതിരെയാണ് ഫോർട്ട് കൊച്ചി പൊലീസ് വധശ്രമത്തിന് കേസെടുത്തത്. കുട്ടിയെ 15 വയസു മുതൽ ഉപദ്രവിച്ചിരുന്നതായി അമ്മ മൊഴി നൽകിയിരുന്നു. ചട്ടം പഠിപ്പിക്കാനാണ് മകനെ മർദ്ദിച്ചതെന്നാണ് സുധീറിന്‍റെ മൊഴി.

മൂന്ന് വർഷമായി ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന മകനോട് കാട്ടുന്ന ക്രൂരതയുടെ തെളിവുകൾ ഇന്നലെയാണ് പുറത്ത് വന്നത്. തലക്കുത്തിയും ഒറ്റകാലിൽ നിർത്തിയും മകനെ സുധീർ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. പറഞ്ഞ കാര്യങ്ങൾ അനുസരിക്കാത്തതിനും വീട്ടിൽ നിന്ന് പുറത്ത് പോയതിനുമായിരുന്നു ക്രൂരപീഡനം. വടികൊണ്ട് പലതവണ കുട്ടിയെ മർദ്ദിക്കുന്നത് കണ്ടതോടെ അമ്മ തടഞ്ഞു. എന്നാൽ, സുധീർ പിന്മാറാൻ തയ്യാറായില്ല. കുട്ടിയെ ഒറ്റകാലിൽ നിർത്തി ചവിട്ടുകയും മുഖത്ത് പലതവണ അടിക്കുകയും ചെയ്തു. തലകുത്തി നിർത്തിയും ക്രൂരത തുടർന്നു. കുട്ടിയുടെ അമ്മയാണ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്. സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഫോർട്ട് കൊച്ചി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. 

വർഷങ്ങളായി കുട്ടിയെ സുധീർ ഉപദ്രവിക്കാറുണ്ടെന്നാണ് അമ്മയുടെ മൊഴി. കുട്ടി ഒരു ഭാരമാണെന്ന് ഇയാൾ പറയാറുണ്ടെന്നും അമ്മ മൊഴി നൽകിയിട്ടുണ്ട്. അനുസരണക്കേട് കാട്ടിയപ്പോൾ ചട്ടം പഠിപ്പിക്കാനാണ് അങ്ങനെ ചെയ്തതെന്ന് പ്രതി പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ പറഞ്ഞു. ഓട്ടോ ഡ്രൈവറാണ് സുധീർ. മദ്യപിച്ചെത്തുമ്പോഴെല്ലാം അരിശം തീർക്കുന്നത് കുട്ടിയെ ഉപദ്രവിച്ചാണെന്ന് പൊലീസ് പറയുന്നു. വധശ്രമത്തിന് പുറമെ കുട്ടികൾക്കെതിരായ അതിക്രമം തടയൽ നിയമ പ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിക്കാലം മുതൽ മർ‍ദ്ദിച്ചെന്ന അമ്മയുടെ മൊഴി പ്രകാരമാണ് ജെജെ ആക്ട് കൂടി എടുത്തിട്ടുള്ളത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!