
കോഴിക്കോട്: കോഴിക്കോട് കോപറേഷനിൽ ബിജെപി അംഗത്തിന് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ലഭിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് നേതാവും കൌണ്‍സിലറുമായ ഫാത്തിമ തഹ്‍ലിയ. തങ്ങൾക്കാവുന്ന എല്ലാ വഴികളിലും താമരക്കുളം നനയ്‌ക്കുക എന്ന ലക്ഷ്യമേ കോഴിക്കോട്ടെ സിഎമ്മിനുള്ളൂവെന്ന് ഫാത്തിമ തഹ്‍ലിയ ആരോപിച്ചു. സിപിഎം തുടർച്ചയായി ബിജെപിക്ക് വേണ്ടിയാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ നിലകൊണ്ടതെന്നും വിമർശിച്ചു.
കുറിപ്പിന്‍റെ പൂർണരൂപം
കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷനിലെ വാർഡ് വിഭജനത്തിൽ നിന്നും വോട്ടർ പട്ടികയിലെ അട്ടിമറി വരെയും, ഇന്നിപ്പോൾ ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി പോലും നൽകുന്ന അവസ്ഥയിലേക്കും- സിപിഎം തുടർച്ചയായി ബിജെപിക്ക് വേണ്ടിയാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ നിലകൊണ്ടത്.കോഴിക്കോട്ടെ സിപിഎമ്മിന് ഇന്നൊരു ലക്ഷ്യമേ ഉള്ളൂ. തങ്ങൾക്കാവുന്ന എല്ലാ വഴികളിലും താമരക്കുളം നനയ്‌ക്കുക എന്നത് മാത്രം
കോഴിക്കോട് കോർപ്പറേഷൻ നികുതികാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനമാണ് ബിജെപിക്ക് ലഭിച്ചത്. നറുക്കെടുപ്പിലൂടെയാണ് ബിജെപി കൗൺസിലർ വിനീത സജീവൻ തെരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫ് അംഗം വിട്ടുനിന്നു. ഒൻപത് അംഗ സമിതിയിൽ നാല് യുഡിഎഫ്, നാല് ബിജെപി, ഒരു എൽഡിഎഫ് കൗൺസിലറാണ് ഉണ്ടായിരുന്നത്.
ആകെ എട്ട് സ്ഥിര സമിതി അധ്യക്ഷന്മാരിൽ ആറ് പേർ എൽഡിഎഫ് അംഗങ്ങളാണ്. ഒരാൾ യുഡിഎഫ്, ഒരു ബിജെപി എന്ന നിലയിലാണ് അംഗ നില. 10 വർഷത്തിന് ശേഷമാണ് ക്ഷേമകാര്യ സമിതി യുഡിഎഫ് പിടിച്ചെടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam