'പ്രദേശത്തെ പ്രധാന ഭക്ഷണം അറിയാൻ സമീപിക്കുക, ഡിവൈഎഫ്ഐ ഫുഡ് വ്ളോഗേഴ്സ്'; പരിഹസിച്ച് ഫാത്തിമ തെഹ്ലിയ

By Web TeamFirst Published Sep 27, 2022, 6:51 PM IST
Highlights

'പൊറോട്ടയല്ല.. പെരിന്തൽമണ്ണയിൽ കുഴിമന്തിയാണ് ബെസ്റ്റ്' എന്ന തലവാചകത്തിലായിരുന്നു ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന വഴിയിൽ ഡിവൈഎഫ്ഐ ബാനർ സ്ഥാപിച്ചിരുന്നത്. ഈ ബാനറിന് ചുട്ട മറുപടിയുമായാണ് ഫാത്തിമ തഹ്ലിയ രംഗത്തെത്തിയത്. 

കോഴിക്കോട്: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തുടങ്ങിയതിന് പിന്നാലെ രാഷ്ട്രീയ എതിരാളികള്‍ വലിയ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇടത് അണികള്‍ ഉയര്‍ത്തിയിരുന്ന പ്രധാന വിമര്‍ശനം രാഹുല്‍ രാഷ്ട്രീയം പറയുന്നില്ലെന്നും ഹോട്ടലുകളും ബേക്കറികളും കയറി ഇറങ്ങുകയാണെന്നുമാണ്. ഭാരത് ജോഡോ യാത്ര മലപ്പുറത്ത് എത്തിയതോടെ രാഹുലിനെ പരിഹസിച്ച് ഡിവൈഎഫ്ഐ ബാനര്‍ പാര്‍ട്ടി ഓഫീസിന് മുകളില്‍ ഒരു സ്ഥാപിച്ചിരുന്നു.  ഡിവൈഎഫ്ഐയുടെ പരിഹാസത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്ലിയ. 

'പൊറോട്ടയല്ല.. പെരിന്തൽമണ്ണയിൽ കുഴിമന്തിയാണ് ബെസ്റ്റ്' എന്ന തലവാചകത്തിലായിരുന്നു ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന വഴിയിൽ ഡിവൈഎഫ്ഐ ബാനർ സ്ഥാപിച്ചിരുന്നത്.  പെരിന്തൽമണ്ണ ഏലംകുളത്ത് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടത്തിലാണ് ഡിവൈഎഫ്ഐയുടെ പേരിൽ ബാനർ ഉയർന്നത്.  എന്നാല്‍ ഈ ബാനറിന് ചുട്ട മറുപടിയുമായാണ് ഫാത്തിമ തഹ്ലിയ രംഗത്തെത്തിയത്.  ''പ്രദേശത്തെ പ്രധാന ഭക്ഷണം ഏതെന്ന് അറിയാൻ സമീപിക്കുക - ഡിവൈഎഫ്ഐ ഫുഡ് വ്‌ളോഗ്‌സ്''- ഡിവൈഎഫ്ഐയെ പരിഹസിച്ച് തഹ്ലിയ ഫേസ്ബുക്കിൽ കുറിച്ചു.

ഡിവൈഎഫ്ഐയുടെ ബാനറിനെതിരെ നേരത്തെ  കെ.പി.സി.സി വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ വി.ടി ബൽറാമും രംഗത്തെത്തി. ഇതേ കെട്ടിടത്തിൽ ഭാരത് ജോഡോ യാത്ര കാണാൻ കൈക്കുഞ്ഞുങ്ങളെയുംകൊണ്ട് നിരവധി സ്ത്രീകൾ കയറിനിൽക്കുന്നതിന്റെ ചിത്രമടക്കം പങ്കുവച്ചായിരുന്നു ബൽറാമിന്റെ പ്രതികരണം. 'കറുത്ത ബാനറുമായി കമ്മികൾ, തുടുത്ത മനസ്സുമായി ജനങ്ങൾ' എന്ന അടിക്കുറിപ്പോടെയാണ് ബല്‍റാം ഫോട്ടോ സഹിതം തിരിച്ചടിച്ചത്.

Read More : 'പൊറോട്ടയല്ല, കുഴിമന്തിയാണ് പെരിന്തൽമണ്ണയിൽ ബെസ്റ്റ്' രാഹുലിന്‍റെ യാത്രയെ പരിഹസിച്ച് സിപിഎം ഓഫീസില്‍ ബാനര്‍

അതേസമയം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര മലപ്പുറത്ത് പുരോഗമിക്കുകയാണ്. ഇന്നു രാവിലെയാണ് ഭാരത് ജോഡോ യാത്ര മലപ്പുറം ജില്ലയിലെ പര്യടനം ആരംഭിച്ചത്. മൂന്ന് ദിവസമാണ് ജില്ലയിൽ പര്യടനം തുടരുക. ആദ്യ ഘട്ടം പുലാമന്തോളിൽ നിന്നാരംഭിച്ച് പൂപ്പലത്ത് യാത്ര സമാപിച്ചു. ലീഗ് നേതാക്കൾ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.  ഉച്ചക്ക് ശേഷം 4 മണിക്ക്  പട്ടിക്കാട് നിന്നും ആരംഭിച്ച് പാണ്ടിക്കാട് വരെ 10 കി.മീറ്റർ ആണ് ഭാരത് ജോഡോ പദയാത്ര നടത്തുന്നത്.  രാഹുൽ ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട് മണ്ഡലത്തിന്റെ ഭാഗമായ നിലമ്പൂരിലൂടെ യാത്ര അടുത്ത സംസ്ഥാനമായ കര്‍ണ്ണാടകയിലേക്ക് കടക്കും.

Read More : ജോഡോ യാത്ര സമാധാനപരമെന്ന് സർക്കാർ; ഗതാഗത തടസം ഉണ്ടാക്കുന്നുവെന്ന ഹർജി ഹൈക്കോടതി തള്ളി

click me!