
പേരാമ്പ്ര: ഇടതുപക്ഷത്തിന്‍റെ കരുത്തുറ്റ ചെങ്കോട്ടകളിൽ ഒന്നായ പേരാമ്പ്രയിൽ മിന്നും വിജയം സ്വന്തമാക്കി യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഫാത്തിമ തഹ്‌ലിയ. പതിറ്റാണ്ടുകളായി ഇടതുമുന്നണിയെ മാത്രം തുണച്ചിട്ടുള്ള പേരാമ്പ്രയിൽ ഇക്കുറി ചരിത്രം തിരുത്തി കുറിച്ചിരിക്കുകയാണ് ഫാത്തിമ തഹ്ലിയ. വിജയം ഉറപ്പാക്കിയ ഫാത്തിമ തഹ്‌ലിയ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. എൽഡിഎഫ് കൺവീനറും മുതിർന്ന നേതാവുമായ ടി പി രാമകൃഷ്ണനെയാണ് ഫാത്തിമ പരാജയപ്പെടുത്തിയത്.
'എല്ലാ കോട്ടകൊത്തളങ്ങളും പുരാവസ്തുവാകും
എല്ലാ പീരങ്കികളും നിശ്ശബ്ദമായി തുരുമ്പിക്കും
(കണ്ണൂർ കോട്ട- കടമ്മനിട്ട രാമകൃഷ്ണൻ)
നമ്മൾ തൂക്കി'.
മുസ്‌ലിം ലീഗിന്‍റെ കരുത്തുറ്റ വനിത നേതാവായ അഡ്വ. ഫാത്തിമ തഹ്‌ലിയയുടെ സ്ഥാനാർത്ഥിത്വം പേരാമ്പ്രയിൽ വലിയ ചലനമാണ് ഉണ്ടാക്കിയത്. അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച തഹ്‌ലിയ, ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനകീയ മുഖമായി മാറിയിട്ടുണ്ട്. 2,273 വോട്ടിന്‍റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് അവർ കോർപ്പറേഷൻ കൗൺസിലിലേക്ക് എത്തിയത്. ആ ആത്മവിശ്വാസവുമായാണ് തഹ്‌ലിയ പേരാമ്പ്രയിൽ ടി.പി. രാമകൃഷ്ണനെതിരെ പോരാടാൻ ഇറങ്ങിയത്. സ്ത്രീ വോട്ടർമാർക്കിടയിലും യുവാക്കൾക്കിടയിലുമുള്ള തഹ്‌ലിയയുടെ സ്വാധീനം വോട്ടായി മാറുമെന്ന യുഡിഎഫ് കണക്കുകൂട്ടൽ ശരിയായിരിക്കുകയാണ്. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിക്ക് വേണ്ടി എം. മോഹനൻ മാസ്റ്ററായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്.
ഫാത്തിമ തഹ്‌ലിയക്കെതിരേയുള്ള പ്രചാരണ അനൗൺസ്‌മെൻറുമായി ബന്ധപ്പെട്ട വിവാദം തെരഞ്ഞെടുപ്പ് കാലത്ത് കത്തിപ്പടർന്നിരുന്നു. എൽഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണന്‍റെ ബോർഡുകളുള്ള ജീപ്പിൽ അനൗൺസ്‌മെൻറ് നടത്തുന്ന വീഡിയോകൾ ബുധനാഴ്ചയാണ് പുറത്തുവന്നത്. ‘പേരാമ്പ്രയുടെ മണ്ണിൽ ഒരു സഹോദരിയെ സ്ഥാനാർഥിയാക്കി മുസ്‌ലിം ലീഗ് നടത്തുന്ന സ്വകാര്യപ്രചാരണം, നമ്മുടെ വോട്ടുകൾ നമ്മുടെ ഖൗമിലെ (സമുദായത്തിലെ) കുട്ടിക്ക് എന്നാണ്. മത ഏകീകരണത്തിന്റെ ചിന്നംവിളിയാണ് മുസ്‌ലിം ലീഗ് നടത്തുന്നത്. സമത്വബോധമുള്ള മനുഷ്യർ ഇത് ചെറുത്തുതോൽപ്പിക്കേണ്ടതുണ്ട്...’ എന്നായിരുന്നു അനൗൺസ്‌മെന്‍റ്. ഇത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. വർഗീയധ്രുവീകരണമുണ്ടാക്കുന്നതിന് തെറ്റായ പ്രചാരണം എൽഡിഎഫ് നടത്തുകയാണെന്നാരോപിച്ച് യുഡിഎഫ് രംഗത്തെത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam