'ആകെയുള്ളത് ഒരു വനിതാ അംഗം, ലീഗുകാര്‍ക്ക് ക്ലാസെടുക്കാന്‍ ഇനിയും വരില്ലേ'; സിപിഎമ്മിനെ പരിഹസിച്ച് ഫാത്തിമ

Published : Mar 04, 2022, 09:19 PM IST
'ആകെയുള്ളത് ഒരു വനിതാ അംഗം, ലീഗുകാര്‍ക്ക് ക്ലാസെടുക്കാന്‍ ഇനിയും വരില്ലേ'; സിപിഎമ്മിനെ പരിഹസിച്ച് ഫാത്തിമ

Synopsis

സി.പി.എമ്മിന്റെ 17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിൽ ആകെയുള്ളത് ഒരു വനിതാ അംഗം. പ്രിയപ്പെട്ട സഖാക്കളെ, സ്ത്രീ വിമോചനത്തെ കുറിച്ച് ലീഗുകാർക്ക് ക്ലാസെടുക്കാൻ ഇനിയും വരില്ലേ ഈ വഴി'- ഫാത്തിമ ഫേസ്ബുക്കില്‍ കുറിച്ചു.

മലപ്പുറം: സിപിഎം (CPM) സംസ്ഥാന സെക്രട്ടേറിയറ്റില്‍ വനിതാ പ്രാതിനിധ്യം കുറവാണെന്ന് ചൂണ്ടിക്കാട്ടി പരിഹാസവുമായി  ഹരിത മുന്‍ ദേശീയ വൈസ് പ്രസിഡന്റ്  ഫാത്തിമ തെഹ്‌ലിയ (Fathima Thahiliya). സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ പുതിയ സെക്രട്ടേറിയേറ്റും സംസ്ഥാന കമ്മിറ്റിയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിമര്‍ശനവുമായി ഫാത്തിമ രംഗത്തെത്തിയത്. സ്ത്രീ വിമോചനത്തെക്കുറിച്ച് ലീഗുകാര്‍ക്ക് ക്ലാസെടുക്കാന്‍ ഇനിയും വരില്ലേ ഇതുവഴി എന്നാണ് തെഹ്‌ലിയുടെ പരിഹാസം.

സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഒരു വനിത മാത്രമേയുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയാണ് തെഹ്ലിയുടെ വിമര്‍ശനം. 'സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ച് വലിയ വായയിൽ മറ്റ് പാർട്ടികൾക്ക് ഉൽബോധനം നൽകാറുള്ള സി.പി.എമ്മിന്റെ 17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിൽ ആകെയുള്ളത് ഒരു വനിതാ അംഗം. സ്ത്രീ പ്രാതിനിധ്യം കൂടിയാൽ പാർട്ടി നശിച്ചു പോകുമെന്ന് ആത്മാർഥമായി വിശ്വസിക്കുന്ന കോടിയേരി ബാലകൃഷ്ണനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തിട്ടുണ്ട്. പ്രിയപ്പെട്ട സഖാക്കളെ, സ്ത്രീ വിമോചനത്തെ കുറിച്ച് ലീഗുകാർക്ക് ക്ലാസെടുക്കാൻ ഇനിയും വരില്ലേ ഈ വഴി'- ഫാത്തിമ ഫേസ്ബുക്കില്‍ കുറിച്ചു.

17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റില്‍  പി കെ ശ്രീമതി മാത്രമാണ് വനിതാ പ്രാതിനിധ്യം. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്‌ണൻ, ഇ പി ജയരാജൻ, ടി എം തോമസ്‌ ഐസക്‌, പി കെ ശ്രീമതി, എ കെ ബാലൻ, ടി പി രാമകൃഷ്‌ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്‌, കെ കെ ജയചന്ദ്രൻ, ആനാവുർ നാഗപ്പൻ, എം സ്വരാജ്‌, മുഹമ്മദ്‌ റിയാസ്‌, പി കെ ബിജു, പുത്തലത്ത്‌ ദിനേശൻ, വി എൻ വാസവൻ, സജി ചെറിയാൻ എന്നിവരാണ്‌ സെക്രട്ടറിയേറ്റംഗങ്ങൾ. അതേ സമയം സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ 13  വനിതാ പ്രതിനിധികളുണ്ട്. 

കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോടിയേരി ബാലകൃഷ്ണന്‍  നടത്തിയ തമാശരൂപേണയുള്ള പ്രസ്താവന വിവാദത്തിലായിരുന്നു. പാര്‍ട്ടിയിലെ വനിതാ പ്രാതിനിധ്യത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയാണ് വിവാദത്തിലായത്. സംസ്ഥാന കമ്മിറ്റിയില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുമോ എന്ന് ചോദ്യത്തിന് എല്ലാ കമ്മിറ്റിയിലും വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുമെന്ന് കോടിയേരി മറുപടി നല്‍കി. 

എന്നാല്‍ പ്രാതിനിധ്യം 50 ശതമാനമാക്കുമോ എന്ന ചോദ്യത്തിന് ആശ്ചര്യപ്പെട്ട കോടിയേരി നിങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ വേണ്ടി നടക്കുന്നതാണോ അതോ പ്രായോഗിക നിര്‍ദേശം നല്‍കാന്‍ വേണ്ടി നടക്കുന്നതാണോയെന്ന് തമാശരൂപേണ മാധ്യമപ്രവര്‍ത്തകനോട് ചോദിച്ചു. കമ്മിറ്റികളില്‍ 50 ശതമാനം പ്രായോഗികമല്ലെന്ന് കോടിയേരി വിശദീകരിക്കുകയും ചെയ്തു. കോടിയേരിയുടെ പ്രസ്താവന പല രീതീയിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. പാര്‍ട്ടി കമ്മിറ്റികളില്‍ 50 ശതമാനം വന്നാല്‍ പാര്‍ട്ടി തകരുമെന്നാണ് കോടിയേരി ഉദ്ദേശിച്ചതെന്ന് ആരോപണമുയര്‍ന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയുടെ വേദിയിലെ 'അകലം'; ശ്രീലേഖയുടെ പ്രതികരണം; ''ക്ഷണിച്ചാലല്ലാതെ അടുത്തേക്ക് പോകരുതെന്നാണ് പരിശീലിച്ചത്'
കെഎസ്ആർടിസി ജീവനക്കാരുടെ ചതി! റിസർവ് ചെയ്‌ത് കാത്തിരുന്ന യാത്രക്കാരൻ പെരുവഴിയിൽ! താമരശേരി പുതിയ സ്റ്റാൻ്റിൽ കയറാതെ പോയി