
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം വാരാഘോഷത്തിന് ഇന്ന് തിരി തെളിയും. തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് അഞ്ചരയ്ക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ ടൂറിസം സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് പിണറായി വിജയന്‍, മന്ത്രിമാരായ കെ മുരളീധരന്‍, സി പി ജോണ്‍, മേയര്‍ വി വി രാജേഷ്, ഡോ. ശശി തരൂര്‍ എം പി എന്നിവര്‍ പങ്കെടുക്കും. നടന്‍ കുഞ്ചാക്കോ ബോബന്‍ വിശിഷ്ടാതിഥിയാകും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം നടി ശോഭനയുടെ നൃത്താവിഷ്കാരവും, കെ.എസ് ഹരിശങ്കര്‍ ലൈവ് ബാന്‍ഡ് അവതരണവും ഉണ്ടായിരിക്കും. ഓണം ടൂറിസം വാരാഘോഷത്തിന് ഓഗസ്റ്റ് 30 ന് നടക്കുന്ന വിപുലമായ ഘോഷയാത്രയോടെ സമാപനമാകും. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും.
നൂറുകണക്കിന് കലാകാരന്മാർ പങ്കെടുക്കുന്ന 340 ഓളം കലാപരിപാടികളാണ് 35 വേദികളിൽ ആയി തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ പര്യടനം നടത്തി എത്തിച്ചേര്‍ന്ന ഓണപ്പതാക കനകക്കുന്നില്‍ നടന്ന ചടങ്ങില്‍ ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് ഉയര്‍ത്തി. തുടര്‍ന്ന് അവിടെ ഒരുക്കിയിട്ടുള്ള മീഡിയ സെന്‍ററിന്‍റെ ഉദ്ഘാടനവും നിര്‍വഹിച്ചു.
കഴിഞ്ഞ ദിവസം മന്ത്രി കെ മുരളീധരന്‍ വൈദ്യുത ദീപാലങ്കാരങ്ങളുട സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ഓണാഘോഷ വാരത്തില്‍ കവടിയാര്‍ മുതല്‍ അട്ടക്കുളങ്ങര വരെയും ശാസ്തമംഗലം മുതല്‍ വെള്ളയമ്പലം വരെയും ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ ദീപാലങ്കാരമൊരുക്കും. ദീപാലങ്കാരങ്ങൾ കാണാൻ കനകക്കുന്നിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam