കടലൂര്‍ സർക്കാര്‍ ആശുപത്രിയിൽ ഇന്നലെയാണ് സംഭവം.ഡോക്ടറുടെ കുറിപ്പടി തുറന്നുപോലും നോക്കാതെ നഴ്സ് കുത്തിവയ്പ്പെടുക്കുകയായിരുന്നു

ചെന്നൈ: തമിഴ് നാട്ടിൽ പനി ചികിത്സയ്ക്കെത്തിയ 13കാരിക്ക് പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പ്. ഗുരുതര പിഴവ് വരുത്തിയ നഴ്സിനെ സസ്പെന്‍ഡ് ചെയ്തു .കടലൂര്‍ സർക്കാര്‍ ആശുപത്രിയിൽ ഇന്നലെയാണ് സംഭവം .പനി ബാധിച്ച 13കാരി സാധനയ്ക്ക് കുത്തിവയ്പ് നൽകണമെന്നായിരുന്നു ഡോക്ടറുടെ നിര്‍ദദേശം. കുട്ടിയുടെ അച്ഛന്‍ കരുണാകരൻ കൈമാറിയ കുറിപ്പടി, തുറന്നുപോലും നോക്കാതെ നഴ്സ് കണ്ണകി ഒരു കുത്തിവയ്പ്പെടുത്തു.രണ്ടാമത്തെ കുത്തിവയ്പ്പിന് മുതിര്‍ന്നപ്പോൾ അച്ഛൻ സംശയമുന്നയിക്കുകയായിരുന്നു. നായയുടെ കടിയേറ്റാല്‍ 2 കുത്തിവയ്പ്പുള്ള കാര്യം അറിയില്ലേ എന്നായിരുന്നു നഴ്സിന്‍റെ മറുപടി .പനിക്ക് ചികിത്സ തേടിയാണെത്തിയതെന്ന് പറഞ്ഞ അച്ഛൻ ബഹളം വച്ചപ്പോഴാണ് നഴ്സ് കുറിപ്പടി പരിശോധിച്ചത്. തര്‍ക്കത്തിനിടെ തളര്‍ന്നുവീണ കുട്ടിയെ അതേ ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചു. 

ആരോഗ്യനില തൃപ്തികരമായതിന് പിന്നാലെ ഇന്ന് ആശുപത്രി വിട്ട സാധന കടലൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഗുരുതര പിഴവ് വരുത്തിയനഴ്സിനെ സസ്പെന്‍ഡ് ചെയ്തതായി ആരോഗ്യ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ അറിയിച്ചു .