'ക്വാറികൾക്ക് 50 മീറ്റർ പരിധി അംഗീകരിക്കണം', സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി കേരളം

By Web TeamFirst Published Aug 28, 2021, 10:42 AM IST
Highlights

ക്വാറികൾക്ക് 200 മീറ്റര്‍ ദൂരപരിധി നിശ്ചയിച്ച ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് സംസ്ഥാനം ഹര്‍ജി സമര്‍പ്പിച്ചത്. 

ദില്ലി: ക്വാറി ഉടമകളെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയിൽ. ജനവാസ കേന്ദ്രങ്ങൾക്ക് 50 മീറ്റര്‍ പരിധിയിൽ ക്വാറികൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാരിന്‍റെ ഹര്‍ജി. ഹൈക്കോടതി വിധിക്ക് സ്റ്റേ വന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഹര്‍ജി നൽകിയത്. ക്വാറികൾ ജനവാസ മേഖലയ്ക്ക് 200 മീറ്ററിന് അപ്പുറമെന്ന ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിലൂടെ നിലവിലെ ക്വാറികൾക്ക് സംരക്ഷണം ഹൈക്കോടതി നൽകി. എന്നാൽ പുതിയ ക്വാറികൾ അനുവദിക്കുമ്പോൾ 200 മീറ്റര്‍ പരിധി പാലിക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. 

ഇതിന് എതിരെയാണ് ക്വാറി ഉടമകൾക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയിൽ എത്തിയത്. ജനവാസമേഖലക്കും പരിസ്ഥിതിലോല പ്രദേശത്തിനും 50 മീറ്റര്‍ പരിധിയിൽ ക്വാറികൾ അനുവദിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. 200 മീറ്റര്‍ പരിധി നിര്‍ബന്ധമാക്കിയാൽ അത് കരിങ്കല്ലിന്‍റെ  ലഭ്യതയെ പ്രതികൂലമായി ബാധിക്കും. വികസന പ്രവര്‍ത്തനങ്ങൾക്ക് തിരിച്ചടിയാകും. ക്വാറികൾക്ക് നിയമപ്രകാരം ദൂരപരിധി നിശ്ചയിക്കാൻ സംസ്ഥാന സര്‍ക്കാരിനുള്ള അധികാരം അട്ടിമറിക്കുന്നതാണ് ഹരിത ട്രൈബ്യൂണൽ ഉത്തരവ്. ഇതിനുള്ള അധികാരം ഹരിത ട്രൈബ്യൂണലിന് ഇല്ലെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജിയിൽ പറയുന്നു. നിലവിൽ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതോടെ ഹരിത ട്രൈബ്യൂണൽ ക്വാറികള്‍ക്ക് നിശ്ചയിച്ച100 മുതൽ 200 മീറ്റര്‍ പരിധിയാണ് തൽക്കാലത്തേക്കെങ്കിലും പ്രാബല്യത്തിലുള്ളത്. സെപ്റ്റംബര്‍ ഒന്നിന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ നിലവിൽ പ്രവര്‍ത്തിക്കുന്ന ക്വാറികൾ അടച്ചുപൂട്ടണോ എന്നതിൽ ക്വാറി ഉടമകളും സര്‍ക്കാരും സുപ്രീംകോടതിയില്‍ നിന്ന് വ്യക്തത തേടും.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!