അഞ്ച് ദിവസത്തിൽ അരലക്ഷം ത്രിവർണ പതാകകൾ ഒരുങ്ങി, വയനാട്ടിലെ 'ഹര്‍ ഘര്‍ തിരംഗ'

By Web TeamFirst Published Aug 8, 2022, 10:01 PM IST
Highlights

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിൻ്റെ ഭാഗമായി ഹര്‍ ഘര്‍ തിരംഗ അമൃത മഹോത്സവത്തിന് വയനാട് ജില്ലയില്‍ അര ലക്ഷം പതാകകള്‍  ഒരുങ്ങി

കൽപ്പറ്റ: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിൻ്റെ ഭാഗമായി ഹര്‍ ഘര്‍ തിരംഗ അമൃത മഹോത്സവത്തിന് വയനാട് ജില്ലയില്‍ അര ലക്ഷം പതാകകള്‍  ഒരുങ്ങി.  കുടുംബശ്രീയുടെ കീഴിലുള്ള 27 തയ്യല്‍ യൂണിറ്റുകളിലെ 43 പേരാണ് അഞ്ച് ദിവസം കൊണ്ട് 56824 ദേശീയപതാകകള്‍ തുന്നിയത്. ജില്ലയില്‍ 90000 ദേശീയ പതാകകളാണ് കുടുംബശ്രി നിര്‍മ്മിക്കുന്നത്. ആഗസ്റ്റ് 10 നകം മുഴുവന്‍ പതാകകളും നിര്‍മ്മിക്കും. 

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ സഹകരണത്തോടെയാണ് വീടുകളിലും സ്ഥാപനങ്ങളിലും നിശ്ചിത നിരക്കില്‍ തുക ഈടാക്കി എത്തിക്കുക. ഈ മാസം 13 മുതല്‍ 15 വരെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.   

കുടുംബശ്രീ  നിര്‍മ്മിച്ച ദേശീയ പതാകയുടെ വിതരണവും വയനാട് ജില്ലയില്‍ തുടങ്ങി. കളക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ. ഗീത ലീഡ് ബാങ്ക് മാനേജര്‍ ബിപിന്‍ മോഹന് പതാക കൈമാറി. ആയിരം പതാകകളാണ് കനറാ ബാങ്കിനായി ഏറ്റുവാങ്ങിയത്. ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, ജീവനക്കാര്‍ മുതലായവര്‍ക്കുളള പതാകകള്‍ വരും ദിവസങ്ങളായി വിതരണം ചെയ്യും. 

Read more: ആറ് കിലോമീറ്റർ ദൂരം, തുഷാരഗിരിയിൽ സ്ത്രീകളുടെ മഴ നടത്തം

ചടങ്ങില്‍ എ.ഡി.എം എന്‍.ഐ ഷാജു, കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ വാസു പ്രദീപ്, പ്രോഗ്രാം മാനേജര്‍മാരായ പി. ഉദേഫ്, വി. എം ജയേഷ്, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ പി. എം സിറാജ്, എം. എസ് വിദ്യമോള്‍, അനു ഷൈലേന്ദ്രന്‍ തുടങ്ങിയവരും പങ്കെടുത്തു.

സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ചുള്ള അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി, ഹര്‍ ഘര്‍ തിരംഗ ക്യാംപയിന്‍ എല്ലാവരും ചേര്‍ന്ന് വിജയിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  ആഹ്വാനം ചെയ്തിരുന്നു. ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാവരും വീടുകളിൽ ദേശീയപതാക ഉയർത്തണമെന്നതായിരുന്നു നിർദേശം.

Read more:  റോഡിൽ വീണ മരം മുറിച്ച് ആഴ്ച കഴിഞ്ഞിട്ടും ചൊറിച്ചിൽ, പൊള്ളൽ, ചർമ്മവും പൊന്തി; ചികിത്സ തുടരുന്നു, ഭയപ്പാടും

സൈമൂഹികമാധ്യമ അക്കൗണ്ടുകളുടെ മുഖചിത്രം ദേശീയ പതാകയാക്കണമെന്നും മോദി ആവശ്യപ്പെട്ടു.  ദേശീയപതാക രൂപകൽപന ചെയ്ത പിംഗളി വെങ്കയ്യയയുടെ ജന്മദിനമായ ഓഗസ്റ്റ് രണ്ട് മുതൽ ഇത് നടപ്പിലാക്കാനായിരുന്നു ആഹ്വാനം. മന്‍ കീ ബാത്തിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് ഇക്കാര്യം ആവശ്യപ്പെട്ടത്. 

click me!