ബർലിൻ കുഞ്ഞനന്തൻ നായർ ഉറച്ച കമ്യൂണിസ്റ്റായിരുന്നു; എം വി ജയരാജന്‍

By Web TeamFirst Published Aug 8, 2022, 8:49 PM IST
Highlights

സിപിഎം 23ാം പാര്‍ട്ടി കോൺഗ്രസിന്റെ പ്രത്യേക ക്ഷണിതാവ് ആക്കാൻ അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. പക്ഷേ ആരോഗ്യ പ്രശ്നങ്ങളുണ്ടായത് കൊണ്ട് അദ്ദേഹത്തിന് പങ്കെടുക്കാനായില്ല എന്നും ജയരാജന്‍ പറഞ്ഞു. 

കണ്ണൂര്‍:  ബർലിൻ കുഞ്ഞനന്തൻ നായർ ഉറച്ച കമ്യൂണിസ്റ്റായിരുന്നു എന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ അനുസ്മരിച്ചു. സിപിഎം 23ാം പാര്‍ട്ടി കോൺഗ്രസിന്റെ പ്രത്യേക ക്ഷണിതാവ് ആക്കാൻ അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. പക്ഷേ ആരോഗ്യ പ്രശ്നങ്ങളുണ്ടായത് കൊണ്ട് അദ്ദേഹത്തിന് പങ്കെടുക്കാനായില്ല എന്നും ജയരാജന്‍ പറഞ്ഞു. 
 
ഇടക്കാലത്ത് ബർലിന് പാർട്ടിയോട് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു.  പിന്നീട് അദ്ദേഹം പാർട്ടിയിൽ തിരിച്ചെത്തി. മരിക്കുമ്പോൾ സി പി എം ബ്രാഞ്ച് കമ്മറ്റി അംഗമാണ്.  നാളെ നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം നടക്കുമെന്നും എം വി ജയരാജന്‍ അറിയിച്ചു. 

ഇന്ന് വൈകിട്ടാണ് ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചത്. നാറാത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഇഎംഎസ്സിൻ്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വീട്ടിൽ വിശ്രമത്തിലായിരുന്നു. 

1926 നവംബർ 26 ന് കണ്ണൂര്‍ കോളങ്കടയിലാണ് കുഞ്ഞനന്തൻ നായരുടെ ജനനം. പുതിയ വീട്ടിൽ അനന്തൻ നായര്‍, ശ്രീദേവി അമ്മ എന്നിവരായിരുന്നു മാതാപിതാക്കൾ. രാജവാഴ്ചകാലത്ത് ചിറക്കൽ തമ്പുരാന്റെ വ്യവഹാര കാര്യസ്ഥനായിരുന്നു അദ്ദേഹത്തിൻ്റെ പിതാവ്. എട്ടാം ക്ലാസ്സുവരെ കണ്ണാടിപറമ്പ് ഹയർ എലിമെന്ററി സ്കൂളിലും,  പിന്നീട് കണ്ണൂർ ടൗൺ മിഡിൽ സ്കൂളിലും,ചിറക്കൽ രാജാസിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. രാജാസ് സ്കൂളിൽ പഠിക്കുമ്പോൾ തന്നെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയിരുന്നു.

പി.കൃഷ്ണപിള്ളയാണ് ബെര്‍ലിൻ്റെ രാഷ്ട്രീയ ഗുരു.  കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ രൂപീകരിച്ച ബാലഭാരതസംഘത്തിന്റെ നേതൃസ്ഥാനത്തേക്ക് സ്കൂൾ വിദ്യാർത്ഥിയായിരുന്ന ബെര്‍ലിൻ കുഞ്ഞനന്തൻ നായരെ കൃഷ്ണപിള്ള നിയോഗിച്ചതാണ് അദ്ദേഹത്തിൻ്റെ രാഷ്ട്രീയജീവിതത്തിൻ്റെ തുടക്കം. (വിശദമായി വായിക്കാം....)

Read Also: സിപിഐ ഒന്നാം പാർട്ടി കോൺഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി, പിളർന്നപ്പോൾ സിപിഎമ്മിൽ, പിന്നീട് പുറത്ത്

click me!