
പത്തനംതിട്ട: ശബരിമലയിൽ (Sabarimala) ആദ്യ ദിവസത്തേക്കാൾ കൂടുതൽ ഭക്തരാണ് ഇന്ന് രാവിലെ മുതൽ ദർശനത്തിനെത്തിയത്. ആകെ 14,500 പേരാണ് വെർച്വൽ ക്യുവിൽ (virtual q) ഇന്ന് ബുക്ക് ചെയ്തിരിക്കുന്നത്. മഴ കടുത്തതോടെ എർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുകയാണ്. കാലാവസ്ഥ അനുകൂലമാവുകയും കൊവിഡ് കേസുകൾ ഉയരുകയും ചെയ്യാതിരുന്നാൽ പ്രതിദിനം അൻപതിനായിരം ആളുകളെ പ്രവേശിപ്പിക്കാനാണ് നിലവിലെ ധാരണ.
ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണം വർധിപ്പിക്കണമെന്ന ദേവസ്വം നിലപാടിനൊപ്പമാണ് സർക്കാരും. നിലവിൽ ബുക്ക് ചെയ്ത എത്ര പേർ ദർശനത്തിനെത്തുന്നു എന്നത് കൂടി കണക്കിലെടുത്ത് ഡിസംബർ ഒന്ന് മുതൽ തീർത്ഥാടകരുടെ എണ്ണം കൂട്ടാനാണ് സാധ്യത. ഭക്തരുടെ എണ്ണം കൂട്ടിയാൽ നീലിമല പാത കൂടി തുറന്ന് നൽകിയേക്കും.
നിലയ്ക്കലിലെ അസൗകര്യങ്ങൾ പരിഹരിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു. കുടുതൽ ശുചിമുറികൾ ഏർപ്പെടുത്തും. കുടിവെള്ളപ്രശ്നത്തിന് പരിഹാരമായി. നിലയ്ക്കലിൽ സൗജന്യഭരക്ഷണവിതരണം തുടങ്ങി. രണ്ട് ദിവസത്തിനകം കടകൾ തുറക്കുന്നതിന് നടപടിയെടുക്കുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തിർത്ഥാടനകാലം തുടങ്ങിയിട്ടും നിലയ്ക്കലിൽ സൗകര്യങ്ങളൊന്നുമില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. നിലയ്ക്കലിൽ എത്തുന്ന തീർത്ഥാടകർക്ക് ഉപയോഗിക്കാൻ ശുചിമുറികളില്ല. ഉള്ളതിനാവട്ടെ വൃത്തിയുമില്ല. കുടിവെള്ളസൗകര്യം പോലും നിലയ്ക്കലിൽ ഇല്ലെന്ന കാര്യവും ഇന്നലത്തെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടർന്ന് വിഷയത്തിൽ ദേവസ്വം മന്ത്രി നേരിട്ട് ഇടപെടുകയായിരുന്നു. കുടിവെള്ളത്തിന് 40 ലക്ഷം ലിറ്റർ വെള്ളം നിലയ്ക്കലിലൊരുക്കിയെന്ന് ദേവസ്വംമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശുചിമുറകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും ഉടൻ പരിഹാരമാകും.
അപ്രതീക്ഷിതമായ മഴയും വെള്ളപ്പൊക്കവുണ് ഒരുക്കങ്ങൾ വൈകാൻ കാരണമെന്നാണ് മന്ത്രിയുടെ വിശദീകരണം. വാടകയ്ക്ക് എടുക്കാൻ ആളുകൾ തയ്യാറാകാത്തതിനാലാണ് ഹോട്ടലുകൾ തുടങ്ങാൻ കഴിയാത്തതെന്നും ഇതിനും രണ്ട് ദിവസത്തിനകം പരിഹാരമുണ്ടാകുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam