Latest Videos

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം; കോൺഗ്രസ്സ് ബൂത്ത് കമ്മറ്റി യോഗത്തിൽ കൂട്ടത്തല്ല്, ആറ് പേരെ സസ്പെന്‍റ് ചെയ്തു

By Web TeamFirst Published Nov 7, 2020, 3:21 PM IST
Highlights

സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലിയുണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്നാണ് നേതാക്കൾ അടിപിടി കൂടിയത്. അടിപിടിയിൽ ഓഫീസിലെ ജനൽ ചില്ലകൾ തകർന്നു.

തൃശ്ശൂർ: തൃശ്ശൂർ പറപ്പൂക്കരയിലെ കോൺഗ്രസ്സ്  ബൂത്ത് കമ്മറ്റി യോഗത്തിൽ കൂട്ടത്തല്ല്. സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലിയുണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്നാണ് നേതാക്കൾ അടിപിടി കൂടിയത്. സംഭവത്തിൽ ആറ് പേരെ കെ പി സിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സസ്പെന്റ് ചെയ്തു. 
 
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുന്നതിനടിയലാണ് സംഭവം. പറപ്പൂക്കര മണ്ഡലം പ്രസിഡന്‍റിന്‍റെ താത്കാലിക ചുമതലയുള്ള സോമൻ മുത്രത്തിക്കരയുടെ നേതൃത്വത്തിലായിരുന്നു യോഗം. ഇതിനിടെ ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുവെന്നാരോപിച്ച്  മുൻ മണ്ഡലം പ്രസിഡന്റ് ജോൺസന്റെ നേതൃത്വത്തിൽ  ഒരു വിഭാഗം പ്രവർത്തകർ മണ്ഡലം കമ്മിറ്റി ഓഫീസിൽ എത്തി. ഇതോടെയാണ്  പ്രശ്നങ്ങൾ തുടങ്ങിയത്. പിന്നീട് വാക്കേറ്റവും അടിപിടിയുമായി. 

അടിപിടിയിൽ ഓഫീസിലെ ജനൽ ചില്ലകൾ തകർന്നു. സോമൻ മുത്രത്തിക്കര ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. അടിപിടി വിവാദമായതോടെ കെ പി സിസി പ്രസിഡന്റ് നടപടിയുമായി രംഗത്തെത്തി. ജോൺസൺ, സുധൻ,രാജൻ, ബൈജു ആന്റണി, വിനോദ് , രഘു എന്നിവരെയാണ്  സസ്പെന്റ് ചെയ്തത്. സംഭവത്തിൽ പുതുക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്. അതേ സമയം തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ  ഇത്തരം സംഭവങ്ങൾ അനുവദിക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു. 

click me!