
തിരുവനന്തപുരം: ട്രഷറി സ്തംഭനത്തെത്തുടർന്ന് സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനങ്ങൾ അവതാളത്തിൽ. 630 കോടിയോളം രൂപയുടെ കരാർ ബില്ലുകളാണ് വിവിധ ട്രഷറികളിലായി കെട്ടിക്കിടക്കുന്നത്. പ്രവൃത്തികൾ നിർത്തിവച്ച് സമരമാരംഭിക്കാനാണ് കരാറുകാരുടെ നീക്കം.
പഞ്ചായത്തുകളിലെയും നഗരസഭകളിലെയും പദ്ധതി പുരോഗതിയുടെ കണക്കുകള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് നിത്യേനെ വെബ്സൈറ്റിൽ നല്‍കുന്നുണ്ട്. ഈ കണക്കനുസരിച്ച് ഇന്നലെ വൈകീട്ട് വരെ 629. ൪൮ കോടി രൂപയുടെ ബില്ലുകളാണ് ട്രഷറികളിൽ കെട്ടിക്കിടക്കുന്നത്. പ്രതിസന്ധി തുടങ്ങിയിട്ട് രണ്ട് മാസമായെങ്കിലും കാര്യങ്ങള്‍ ഇത്രയും വഷളായത് ഇപ്പോഴാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ബില്ലുകൾക്ക് മുൻഗണനാ ക്രമം നിശ്ചയിച്ച് ഇക്കഴിഞ്ഞ അഞ്ചിന് ട്രഷറി വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിട്ടും കാര്യമില്ല. സിപിഎം അനുകൂല സംഘടനയായ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ പ്രവൃത്തികൾ നിർത്തിവച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്താൻ തീരുമാനിച്ചു കഴിഞ്ഞു.
ട്രഷറി സ്തംഭനം എല്ലാ ജില്ലകളിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കാസർകോട് ജില്ലാ പഞ്ചായത്തിന്റെ ആകെ പദ്ധതി തുകയുടെ 20%ത്തോളമാണ് ട്രഷറികളിൽ കെട്ടിക്കിടക്കുന്നത്. കോഴിക്കോട് കോർപറേഷന്റെ 15 കോടിയോളം രൂപയാണ് ക്യൂവിലുള്ളത്. ചെയ്ത പ്രവൃത്തിയുടെ പണം കിട്ടാത്തതിനാല്‍ പുതിയ ജോലികള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറാകുന്നുമില്ല. വയനാട് ജില്ലാ പഞ്ചായത്ത് 150 റോഡുകളുടെ ടെൻഡർ ചെയ്തപ്പോള്‍ കരാറുകാർ ക്വാട്ട് ചെയ്തത് 15 പ്രവൃത്തികളുടെ മാത്രം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam