
കൊച്ചി ബിനാലേ ഫൗണ്ടേഷന്‍റെ ഭാരവാഹിത്വത്തിൽ നിന്ന് റിയാസ് കോമു പിൻമാറിയതായി സൂചന. മീ ടു ആരോപണത്തെത്തുടർന്ന് ഫൗണ്ടേഷന്‍റെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു. ഇതിനിടെ ഇപ്പോൾ തുടരുന്ന ബിനാലേയിലെ ചില കണക്കുകൾ ഊതിപ്പെരുച്ചാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
ബിനാലേയുടെ ഡയറക്ടർ ബോർഡിൽ മാസങ്ങളായി നടക്കുന്ന ശീതസമരത്തിനൊടുവിലാണ് റിയാസ് കോമുവിന്‍റെ പിൻമാറ്റമെന്നാണ് സൂചന. ഫൗണ്ടേഷന്‍റെ ആജീവാനന്ത ഭാരവാഹിത്വത്തിൽ പിൻമാറുന്നെന്ന് അറിയിച്ചുളള കത്താണ് കൈമാറിയിരിക്കുന്നത്. പേരുവെളുപ്പെടുത്താത്ത യുവതി റിയാസ് കോമുവിനെതിരെ മീ ടു ആരോപണം ഉന്നയച്ചിരുന്നു. ഇതിനുപിന്നാലെ ബിനാലേയുടെ ചുമതലകളിൽ നിന്ന് റിയാസിനെ ഒഴിവാക്കിയിരുന്നു.
ആജീവനന്ത അംഗമായതുകൊണ്ടുതന്നെ റിയാസിന് കൊച്ചി ബിനാലേയിൽ നിന്ന് രാജി വയ്ക്കാനാകില്ലെന്നാണ് ഫൗണ്ടേഷന്‍റെ മറ്റൊരു ഭാരവാഹിയായ ബോസ് കൃഷ്ണമാചാരി ഇതേക്കുറിച്ച് പ്രതികരിച്ചത്. ഇതിനിടെയാണ് ഇപ്പോൾ നടക്കുന്ന ബിനാലേയുടെ ചില കണക്കുകൾ പുറത്തുവന്നത്. ഫോർട്ടുകൊച്ചിയിലെ കബ്രാൾ യാർഡിനോട് ചേർന്ന് ബിനാലേക്കായി താൽക്കാലിക പവലിയൻ നിർമിച്ചതിന് 2 കോടി 82 ലക്ഷം രൂപയുടെ ബില്ലുകളാണ് കരാറുകാരനായ അപ്പു തോമസ് സമർപ്പിച്ചത്. എന്നാൽ ഇത് ഊതിപ്പെരുപ്പിച്ച കണക്കാണെന്നും ഇതിന്‍റെ പകുതിയോളം തുകയേ ചെലവഴിച്ചിട്ടുളളുവെന്നുമാണ് സ്വകാര്യ ഏജൻസി നടത്തിയ പരിശോധനയിൽ വ്യക്തമായത്.
കരാർ നൽകിയതിന് വ്യക്തമായ രേഖകളില്ലെന്നും കോടികളുടെ ഇടപാടിലെ നടപടികൾ സുതാര്യമല്ലെന്നുമായിരുന്നു കണ്ടെത്തൽ. റിയാസ് കോമു ജനറൽ സെക്രട്ടറിയായിരുന്ന കാലത്ത് ഏൽപ്പിച്ച ഈ കരാറിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ബിനാലേ ഫൗണ്ടേഷൻ സ്ഥാപകാംഗങ്ങൾ തന്നെ നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. വരുന്ന 28ന് കൊച്ചി ബിനാലേ ബോർഡ് യോഗം ചേരാനിരിക്കേയാണ് ഈ കണക്കുകൾ പുറത്തുവന്നിരിക്കുന്നതെന്നാണ് ശ്രദ്ധേയമായ കാര്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam