
പത്തനംതിട്ട: ഇലന്തൂരില്‍ ഇരട്ടനരബലി നടന്ന മുറിയില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറയും ഷാഫിയുടെ വിരലടയാളവും കണ്ടെത്തി. പഴക്കമുള്ളതും പുതിയതുമായ രക്തക്കറകളാണ് കണ്ടെത്തിയത്. കൊല നടന്ന വീട്ടിലെ രണ്ടിടങ്ങളിലാണ് ഷാഫിയുടെ വിരലടയാളമുള്ളത്. രണ്ട് ചെറിയ കത്തികള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം വെട്ടിമുറിച്ച രക്തമുള്ള കത്തികള്‍ നേരത്തെ കണ്ടെത്തിയിരുന്നു. കഡാവര്‍ നായ്ക്കളെ ഉപയോഗിച്ച് സ്ഥലത്ത് നടത്തിയ പരിശോധന അവസാനിപ്പിച്ചു. നായ്ക്കളെ കൊണ്ട് നടത്തിയ പരിശോധനയിൽ എല്ല് കണ്ടെത്തിയിരുന്നു. മനുഷ്യന്‍റെ എല്ലിനെക്കാൾ കട്ടിയുള്ള എല്ലാണ് കണ്ടെത്തിയത്. പശുവിന്‍റേതാണെന്നാണ് സംശയം.
കൂടുതൽ നരബലി നടന്നിട്ടുണ്ടോയെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിൽ മൃതദേഹം മണം പിടിച്ച് കണ്ടെത്താനുള്ള പരിശീലനം ലഭിച്ച പൊലീസ് നായ്കളായ മായയെയും മര്‍ഫിയെയും എത്തിച്ചാണ് പരിശോധന നടത്തിയത്. ഇവ രണ്ടും 2020 മാര്‍ച്ചില്‍ സേനയില്‍ ചേര്‍ന്ന ബല്‍ജിയം മലിനോയിസ് എന്ന വിഭാഗത്തില്‍ പെട്ടതാണ്. മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് വിദഗ്ദ്ധ പരിശീലനം നേടിയിട്ടുള്ള നായ്ക്കളാണ് മായയും മര്‍ഫിയും. 40 അടി താഴെ വരെ ആഴത്തിലുളള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താന്‍ ഇവയ്ക്ക് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. എത്ര പഴകിയതും അഴുകിയതുമായ മൃതദേഹങ്ങളും കണ്ടെത്താന്‍ ഇവയ്ക്ക് കഴിയും. തൃശൂരിലെ കേരള പൊലീസ് അക്കാദമിയിലാണ് മായ എന്ന് വിളിപ്പേരുളള ലില്ലിയും മര്‍ഫിയും പരിശീലനം നേടിയത്. നായ സംശയിച്ച് നിന്ന സ്ഥലങ്ങളിൽ എല്ലാം ചെറിയ കുഴി എടുത്ത് കൂടുതൽ പരിശോധനയും നടത്തി.
അതേസമയം പ്രതികള്‍ കൊലനടത്തിയത് എങ്ങനെയെന്ന് അറിയാന്‍ ഡമ്മി ഉപയോഗിച്ച് മുറിക്കുള്ളില്‍ കൊലപാതകം പുനരാവിഷ്കരിക്കുകയാണ്. സ്ത്രീരൂപത്തിലുള്ള ഡമ്മി ഉപയോഗിച്ചാണ് കൊല പുനരാവിഷ്കരിക്കുന്നത്. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് കൊച്ചിയിൽ നിന്ന് ഷാഫി, ലൈല, ഭഗവൽ സിംഗ് എന്നീ മൂന്ന് പ്രതികളെയും ഇലന്തൂരിൽ എത്തിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam