Mofia Parveen : മൊഫിയ ജീവനൊടുക്കിയത് നീതി കിട്ടില്ലെന്ന മനോവിഷമത്തില്‍ ; സിഐ സുധീറിനെതിരെ എഫ്ഐആര്‍

By Web TeamFirst Published Nov 28, 2021, 11:04 AM IST
Highlights

മൊഫിയയുടെ കുടുംബത്തിൻ്റെ നിരന്തര ആവശ്യങ്ങൾക്കും കോൺഗ്രസിൻ്റെ ശക്തമായ പ്രതിഷേധ സമരങ്ങൾക്കും ഒടുവിൽ സി ഐ സുധീർ കുമാറിനെ സസ്പെന്‍റ് ചെയ്തിരുന്നു. കേസ് കൈകാര്യം ചെയ്യുന്നതിൽ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്ന് ഡിഐജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 

കൊച്ചി: ആലുവയിലെ നിയമവിദ്യാ‍ർഥിനി മൊഫിയയുടെ (Mofia Parveen) ആത്മഹത്യയിൽ സിഐ സുധീറിനെതിരെ (ci sudheer)  പരാർമർശം. സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് നീതി കിട്ടില്ലെന്ന മനോവിഷമത്തിലാണ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചതെന്നാണ് പരാർമശം. മൊഫിയയുടെ ആത്മഹത്യക്ക് പിന്നാലെ അടുത്ത ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷം ആലുവ ഈസ്റ്റ് പൊലീസ് തയ്യാറാക്കിയ എഫ്ഐആറിലാണ് സിഐയ്ക്കെതിരെ പരാമര്‍ശമുളളത്. മൊഫിയയും ഭർത്താവ് സുഹൈലും തമ്മിലുളള വിവാഹം സംബന്ധിച്ച് ലഭിച്ച പരാതിയിൽ ഇരുകക്ഷികളേയും സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു. അവിടെവെച്ച് മൊഫിയ ഭർത്താവിന്‍റെ കരണത്തടിച്ചു. ഇതുകണ്ട സിഐ കയർത്ത് സംസാരിച്ചു. പൊലീസ് സ്റ്റേഷനിൽ നിന്ന് നീതി കിട്ടില്ലെന്ന മനോവിഷമത്താൽ മൊഫിയ ആത്മഹത്യ ചെയ്തെന്നാണ് പ്രഥമവിവര റിപ്പോർട്ടിലുളളത്. 

എന്നാൽ ഭർത്യവീട്ടുകാരുടെ പീ‍ഡനത്തിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലുളളത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടെന്നും ജോലിക്കാരിയോടെന്ന പോലെ പെരുമാറിയെന്നും വിവാഹബന്ധത്തിൽ നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചെന്നുമാണ് റിപ്പോർട്ട്. എന്നാൽ മൊഫിയയുടെ മരണത്തിന് പിന്നാലെ അടുത്ത ബന്ധുക്കളിൽ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആറിൽ സിഐയുടെ പേര് ഉൾപ്പെടുത്തിയതെന്നും തുടരന്വേഷണത്തില്‍ ഭർതൃവീട്ടുകാരുടെ ശാരീരിക മാനസിക പീ‍ഡനത്തെപ്പറ്റി വിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിലാണ് അവരെ പ്രതി ചേർത്തതെന്നുമാണ് പൊലീസ് നിലപാട്.

മൊഫിയയുടെ കുടുംബത്തിൻ്റെ നിരന്തര ആവശ്യങ്ങൾക്കും കോൺഗ്രസിൻ്റെ ശക്തമായ പ്രതിഷേധ സമരങ്ങൾക്കും ഒടുവിൽ സി ഐ സുധീർ കുമാറിനെ സസ്പെന്‍റ് ചെയ്തിരുന്നു. കേസ് കൈകാര്യം ചെയ്യുന്നതിൽ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്ന് ഡിഐജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ സുധീറിനെതിരെ വകുപ്പുതല അന്വേഷണത്തിനായി കൊച്ചി ഈസ്റ്റ് ട്രാഫിക് അസി. കമ്മീഷണറെ ഡിജിപി ചുമതലപ്പെടുത്തി. മൊഫിയക്ക് ഭർതൃവീട്ടിൽ ഗുരുതര പീഡനമേൽക്കേണ്ടി വന്നെന്ന് റിമാൻഡ് റിപ്പോർട്ടും വ്യക്തമാക്കുന്നുണ്ട്. ഭർത്താവ് സുഹൈൽ മൊഫിയയെ ലൈംഗിക വൈകൃതങ്ങൾക്ക് വിധേയയാക്കി. സത്രീധനം ആവശ്യപ്പെട്ട് ഭർതൃമാതാവ് റുഖിയയും മൊഫിയയെ ഉപദ്രവിച്ചെന്നും റിപ്പോർട്ടിലുണ്ട്.

click me!