Asianet News MalayalamAsianet News Malayalam

Mofiya case : മോഫിയ കേസിൽ സിഐക്ക് സസ്പെൻഷൻ: നടപടി മുഖ്യമന്ത്രി കുടുംബത്തോട് സംസാരിച്ചതിന് പിന്നാലെ

മോഫിയയുടെ മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ച മുഖ്യമന്ത്രി നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തു. മന്ത്രി പി രാജീവ് മോഫിയയുടെ വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചത്

Mofia Parveen Suicide Case CI Sudheer suspended
Author
Thiruvananthapuram, First Published Nov 26, 2021, 11:45 AM IST

കൊച്ചി: മോഫിയ പർവീൺ ആത്മഹത്യ കേസിൽ സിഐ സുധീറിന് സസ്പെൻഷൻ. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് ഡിജിപിയുടെ നടപടി. മോഫിയയുടെ മരണത്തിൽ (Mofia Death) കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) കുടുംബത്തിന് മുഖ്യമന്ത്രി വാക്കുനൽകിയിരുന്നു.

മോഫിയയുടെ മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ച മുഖ്യമന്ത്രി നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തു. മന്ത്രി പി രാജീവ് മോഫിയയുടെ വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചത്. സിഐ സുധീറിനെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് മോഫിയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

മുഖ്യമന്ത്രിയുടെ ഉറപ്പിൽ ആശ്വാസമുണ്ടെന്നാണ് മോഫിയയുടെ പിതാവ് ദിൽഷാദ് പറഞ്ഞത്. നോഫിയയുടെ അമ്മയും മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷയുണ്ടെന്ന് പ്രതികരിച്ചു. കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. സർക്കാർ നീതി ഉറപ്പാക്കും, വകുപ്പ് തല അന്വേഷണം പുരോഗമിക്കുകയാണെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കി തുടർനടപടി ഉണ്ടാകുമെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്. സിഐയുടെ സ്ഥലം മാറ്റം നടപടിക്രമങ്ങളുടെ ഭാഗമാണെന്നായിരുന്നു വിശദീകരണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

ഇതിനിടെ റിമാന്റ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മോഫിയയെ മാനസിക രോഗിയായി മുദ്രകുത്താൻ ശ്രമം നടന്നു. ഭർത്താവ് സുഹൈൽ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഭർത്തൃവീട്ടുകാർ മോഫിയയെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു. സുഹൈലിന് പുറമെ മാതാവ് റുഖിയയും ഉപദ്രവിച്ചെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

ആലുവ പൊലീസ് സ്റ്റേഷനില്‍ കോൺഗ്രസ് ജനപ്രതിനിധികൾ നടത്തുന്ന കുത്തിയിരിപ്പ് സമരം മൂന്നാം ദിവസവും തുടരുകയാണ്. സിഐയെ സസ്പെന്റ് ചെയ്ത സാഹചര്യത്തിൽ ബെന്നി ബഹന്നാന്‍ എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ എന്നിവരുടെ സമരം അവസാനിപ്പിച്ചേക്കും. മൊഫിയ പര്‍വീണിന്‍റെ ആത്മഹത്യക്ക് കാരണക്കാരനായ സിഐ സിഎല്‍ സുധീറിനെ സസ്പെൻഡ് ചെയ്യും വരെ സമരം തുടരാനാണ് ഇവർ തീരുമാനിച്ചിരുന്നത്. പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള പൊലീസിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.
 

Follow Us:
Download App:
  • android
  • ios