പത്തനംതിട്ട  നഗരമധ്യത്തിൽ വൻ തീപിടിത്തം; 5 കടകൾ കത്തി, ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ചു

By Web TeamFirst Published Jan 20, 2023, 2:34 PM IST
Highlights

അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമം നടത്തുന്നതിനിടെ കടകളിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് കുറ്റികൾ പൊട്ടിത്തെറിച്ചതോടെ തീകൂടുതൽ പടർന്നു.  

പത്തനംതിട്ട : പത്തനംതിട്ട നഗരത്തിൽ വൻ തീപിടിത്തം. നഗരമധ്യത്തിലെ സിവിൽ സ്റ്റേഷന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലാണ് തീപിടിത്തമുണ്ടായത്. നഗര മധ്യത്തിലെ നമ്പർ വൺ ചിപ്സ് കട എന്ന കടയിൽ നിന്നാണ് ആദ്യം തീ പടർന്ന് പിടിച്ചത്. പിന്നീട് സമീപത്തെ എ വൺ ചിപ്സ്, ഹാശിം ചിപ്സ്,  അഞ്ജന ഷൂ മാർട്ട്, സെൽ ടെക് മൊബൈൽ ഷോപ്പ് എന്നിവയിലേക്കും തീ പടർന്നു. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമം നടത്തുന്നതിനിടെ ചിപ്സ് കടകളിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതോടെ തീ കൂടുതൽ പടർന്നു.

ഫയർഫോഴ്സ് ഉദ്യോഗസ്ഥരടക്കം സ്ഫോടനത്തിൽ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. തുടർന്ന് കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകളെ സ്ഥലത്തേക്ക് എത്തിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ജീവനക്കാർ കടക്കുള്ളിൽ കുടുങ്ങിയെന്ന സംശയം ആദ്യം ഉയർന്നിരുന്നുവെങ്കിലും ആളപായമില്ലെന്ന് പിന്നീട് സ്ഥിരീകരണമായി. എന്നാൽ സ്ഫോടനത്തിൽ രണ്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് പൊള്ളലേറ്റിട്ടുണ്ട്. പൊട്ടിത്തെറിച്ച ഗ്യാസ് കുറ്റിയുടെ കമ്പിയുടെ കഷ്ണം തലക്ക് കൊണ്ട് മറ്റൊരാൾക്കും പരിക്കേറ്റു. ഇയാളെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ സ്ഫോടനങ്ങളുണ്ടാകാതിരിക്കാൻ  സമീപത്തെ കടകളിലെ ഗ്യാസ് സിലിണ്ടറുകളടക്കം മാറ്റി. നിലവിൽ തീ നിയന്ത്രണവിധേയമാണ്. തീപിടിത്തത്തിന്റെ സാഹചര്യത്തിൽ നഗരത്തിലേക്കുള്ള ഗതാഗതം നിയന്ത്രിച്ചു. 


 

click me!