കോട്ടയം മെഡിക്കൽ കോളേജിൽ വൻ തീപിടുത്തം, രോഗികളെ ഒഴിപ്പിച്ചു, തീ നിയന്ത്രണവിധേയമായി

Published : Feb 13, 2023, 02:54 PM IST
കോട്ടയം മെഡിക്കൽ കോളേജിൽ വൻ തീപിടുത്തം, രോഗികളെ ഒഴിപ്പിച്ചു, തീ നിയന്ത്രണവിധേയമായി

Synopsis

അപകടസാധ്യത കണക്കിലെടുത്ത് തീപിടിച്ച കെട്ടിടത്തിന് സമീപം ഉണ്ടായിരുന്ന ഡയാലിസിസ് യൂണിറ്റിലെയും മൂന്നാം വാർഡിലെയും രോഗികളെയും കൂട്ടിരിപ്പുകാരെയും പൂർണമായും ഒഴിപ്പിച്ചു. 

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിലെ നിർമ്മാണം നടക്കുന്ന  ബഹുനില കെട്ടിടത്തിൽ തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഒമ്പതര കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു തീപിടുത്തം. തുടർന്ന് തീ മുകളിലേക്ക് പടരുകയായിരുന്നു. വിവിധ നിലകളിലായി നിർമാണ ജോലികളിൽ ഏർപ്പെട്ടിരുന്ന 350ലേറെ തൊഴിലാളികൾ തീ ഉയർന്നപ്പോൾ തന്നെ കെട്ടിടത്തിന് പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. അപകടസാധ്യത കണക്കിലെടുത്ത് തീപിടിച്ച കെട്ടിടത്തിന് സമീപം ഉണ്ടായിരുന്ന ഡയാലിസിസ് യൂണിറ്റിലെയും മൂന്നാം വാർഡിലെയും രോഗികളെയും കൂട്ടിരിപ്പുകാരെയും പൂർണമായും ഒഴിപ്പിച്ചു. 

ഏറ്റുമാനൂരിൽ നിന്നും കോട്ടയത്ത് നിന്നുമായി ഏഴ് യൂണിറ്റ് ഫയർഫോഴ്സ് എത്തി ഒരു മണിക്കൂറിൽ ഏറെ നീണ്ട പരിശ്രമത്തിനൊടുവിൽ ആണ് രണ്ടേകാലോടെ തീ പൂർണമായും നിയന്ത്രണ വിധേയമായത്. വെൽഡിങ് ജോലികൾക്കായി എത്തിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ അടക്കം സുരക്ഷിതമായി പുറത്തെത്തിക്കാൻ കഴിഞ്ഞതും അപകടത്തിന്റെ ആഘാതം കുറച്ചു. തൊഴിലാളികൾ ഭക്ഷണ ആവശ്യത്തിനായി കരുതിയിരുന്ന ഗ്യാസ് സിലിണ്ടറുകളിൽ ചിലത് പൊട്ടിത്തെറിച്ചതായി സംശയം ഉയർന്നിട്ടുണ്ടെങ്കിലും ഫയർഫോഴ്സ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കനത്ത സ്ഫോടന ശബ്ദം കേട്ടതിനാലാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു എന്ന സംശയം ഉണ്ടായത്.ഇവിടുത്തെ കാരണങ്ങളെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസും ഫയർഫോഴ്സും അറിയിച്ചു
 

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം