അട്ടപ്പാടിയില്‍ നിന്നും ഗര്‍ഭിണിയായ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തുന്നു

By Web TeamFirst Published Aug 10, 2019, 11:48 AM IST
Highlights

അട്ടപ്പാടിയിലെ ഊരില്‍ ഒറ്റപ്പെട്ട യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തുന്നു

പാലക്കാട്: നെല്ലിപ്പുഴ, കുന്തിപ്പുഴ എന്നീ നദികള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടു പോയ അട്ടപ്പാടിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ സജീവമായി. ദേശീയദുരന്തനിവാരണസേന, ഫയര്‍ഫോഴ്സ്, പൊലീസ്, നാട്ടുകാര്‍ എന്നിങ്ങനെ എല്ലാവരും ചേര്‍ന്നുള്ള കൂട്ടായ രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. ഒറ്റപ്പെട്ട അട്ടപ്പാടിയില്‍ നിന്നും  ദേശീയ ദുരന്തനിവാരണസേനയും ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് ഗര്‍ഭിണിയെ അതിസാഹസികമായി രക്ഷപ്പെടുത്തി. കുലംകുത്തി ഒഴുകുന്ന ഭവാനിപ്പുഴക്ക് കുറുകെ റോപ്പ് കെട്ടിയ ശേഷം ഗര്‍ഭിണിയെ സാഹസികമായി ഇക്കരെ കൊണ്ടിറക്കുകയായിരുന്നു. 

അട്ടപ്പാടിയിലെ മുച്ചിക്കടവിൽ എട്ട് കുട്ടികളടക്കം മുപ്പത് പേർ കുടുങ്ങിക്കിടക്കുകയാണ്. ഊരുമായി ബന്ധിപ്പിക്കുന്ന തൂക്ക് പാലം തകർന്നതിനാൽ രക്ഷാപ്രവർത്തകർക്കും ഇവടേക്ക് എത്താനാകുന്നില്ല. ഗർഭിണിയടക്കം ചികിത്സാ സഹായം ആവശ്യമുള്ള ആറ് പേരെ നാട്ടുകാർ വനത്തിലൂടെ പുറത്തെത്തിച്ചു.

അട്ടപ്പാടിയിലെ ഊരുകളിൽ കുടുങ്ങിയവർക്ക് അവശ്യസാധനങ്ങൾ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഊരുകളുമായി ബന്ധിപ്പിക്കുന്ന പാലങ്ങൾ തകർന്നതിനാൽ കയറ് കെട്ടിയാണ് സാധനങ്ങൾ എത്തിക്കുന്നത്. ഒറ്റപ്പെട്ടെങ്കിലും ആളുകൾ സുരക്ഷിതരെന്ന് അഗളി സർക്കിൾ ഇൻസ്പെക്ടർ ഹിദായത്തുള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 

 

click me!