പൂരനഗരിയെ കണ്ണീരിലാഴ്ത്തി അപകടം; വെടിക്കെട്ട് ഉപേക്ഷിച്ച് തിരുവമ്പാടിയും പാറമേക്കാവും

By Web TeamFirst Published Apr 24, 2021, 2:29 AM IST
Highlights

അപകടം നടക്കുന്നതിന് മുമ്പ് തന്നെ വെടിമരുന്നുകള്‍ എല്ലാം നിറച്ചു കഴിഞ്ഞിരുന്നു. അത് തിരിച്ചെടുക്കുന്നത് അപകടമാണ്. നിര്‍വീര്യമാക്കുന്നത് അപടമായതിനാല്‍ പൊട്ടിച്ച്, അത് നശിപ്പിച്ച് കളയാനാണ് തീരുമാനമെടുത്തത്. 

തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ മരം വീണ് അപകടമുണ്ടായ സാഹചര്യത്തില്‍ വെടിക്കെട്ട് ഉപേക്ഷിച്ച് തിരുവമ്പാടിയും പാറമേക്കാവും. തിരുവമ്പാടി ദേവസ്വം അംഗങ്ങളായ രണ്ട് പേര്‍ മരിച്ചത് അടക്കമുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചാണ് വെടിക്കെട്ട് ഉപേക്ഷിച്ചത്. കളക്ടറും പെസോ അധികൃതരും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരു ദേവസ്വങ്ങളും വെടിക്കെട്ട് വേണ്ടെന്ന തീരുമാനമെടുത്തത്. 

അപകടം നടക്കുന്നതിന് മുമ്പ് തന്നെ വെടിമരുന്നുകള്‍ എല്ലാം നിറച്ചു കഴിഞ്ഞിരുന്നു. അത് തിരിച്ചെടുക്കുന്നത് അപകടമാണ്. നിര്‍വീര്യമാക്കുന്നത് അപകടമായതിനാല്‍ പൊട്ടിച്ച്, അത് നശിപ്പിച്ച് കളയാനാണ് തീരുമാനമെടുത്തത്. മറ്റു ചടങ്ങുകളുടെ കാര്യത്തില്‍ തീരുമാനം വന്നിട്ടില്ല. 

കുഴികളില്‍  വെടിമരുന്ന് നിറച്ചത് പ്രതിസന്ധിയാണെന്ന് മന്ത്രി സുനില്‍കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നത് അപകടമാണ്. പൊട്ടിച്ച് കളയാതെ വഴിയില്ലെന്നും മന്ത്രി പറഞ്ഞു. 

 25 പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരെ നഗരത്തിലെ  വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. എട്ട് പേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഒന്നര മണിക്കൂര്‍ സമയമെടുത്താണ് ഫയര്‍ഫോഴ്സ് ആല്‍മരം മുറിച്ച് മാറ്റിയത്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും സമയോചിതമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ആളുകളെ പുറത്തെടുക്കുകയായിരുന്നു. 

ബ്രഹ്മസ്വം മഠത്തിന് സമീപത്തെ ആൽമരത്തിന്‍റെ ശാഖ ഒടിഞ്ഞ് വീണ അര്‍ധരാത്രി പന്ത്രണ്ടോടെയാണ് അപകടം ഉണ്ടായത്. മഠത്തില്‍ വരവിനിടെ മരം വീണ് പഞ്ചവാദ്യത്തിന്‍റെ ആളുകള്‍ അടിയില്‍ പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മരം വീണ ഉടൻ ആന ഭയന്നു ഓടി. കുട്ടന്‍കുളങ്ങര അര്‍ജുനന്‍ എന്ന ആനയാണ് ഭയന്നോടിയത്. പിന്നീട് ആനയെ തളച്ചതായും ദൃക്സാക്ഷികള്‍ പറഞ്ഞു.

വൈദ്യുതി കമ്പിയിലേക്കാണ് മരം പൊട്ടി വീണത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ചിലര്‍ക്ക് വൈത്യുതി ആഘാതമേറ്റതായും കൈ പൊള്ളിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. പഞ്ചവാദ്യം കൊട്ടിക്കയറുന്ന സമയത്താണ് അപകടം ഉണ്ടായതെന്ന് പൂരം ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. എന്‍‍‍ഡിആര്‍എഫ് സംഘവും കളക്ടറും ജില്ലാ പൊലീസ് മേധാവിയും സ്ഥലത്ത് എത്തിയിട്ടുണ്ട്.

കൊവി‍ഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇത്തവണ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നത്. ആള്‍ക്കൂട്ടം കുറഞ്ഞത് വലിയ ദുരന്തം ഒഴിവാക്കിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. 

click me!