
തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ മരം വീണ് അപകടം. തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ തിരുവമ്പാടി ദേവസ്വം അംഗങ്ങളായ രണ്ട് പേര്‍ മരിച്ചു. പൂച്ചെട്ടി സ്വദേശിയായ രമേശന്‍, പൂങ്കുന്നം സ്വദേശിയായ പനിയത്ത് രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. പഞ്ചവാദ്യക്കാര്‍ക്ക് മേല്‍ കൂറ്റന്‍ ആല്‍മരത്തിന്‍റെ ശാഖ ഒടിഞ്ഞ് വീഴുകയായിരുന്നു.
25 പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. എട്ട് പേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഒന്നര മണിക്കൂര്‍ സമയമെടുത്താണ് ഫയര്‍ഫോഴ്സ് ആല്‍മരം മുറിച്ച് മാറ്റിയത്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും സമയോചിതമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ആളുകളെ പുറത്തെടുക്കുകയായിരുന്നു.
ബ്രഹ്മസ്വം മഠത്തിന് സമീപത്തെ ആൽമരത്തിന്‍റെ ശാഖ ഒടിഞ്ഞ് വീണ അര്‍ധരാത്രി പന്ത്രണ്ടോടെയാണ് അപകടം ഉണ്ടായത്. മഠത്തില്‍ വരവിനിടെ മരം വീണ് പഞ്ചവാദ്യത്തിന്‍റെ ആളുകള്‍ അടിയില്‍ പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മരം വീണ ഉടൻ ആന ഭയന്നു ഓടി. കുട്ടന്‍കുളങ്ങര അര്‍ജുനന്‍ എന്ന ആനയാണ് ഭയന്നോടിയത്. പിന്നീട് ആനയെ തളച്ചതായും ദൃക്സാക്ഷികള്‍ പറഞ്ഞു.
വൈദ്യുതി കമ്പിയിലേക്കാണ് മരം പൊട്ടി വീണത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ചിലര്‍ക്ക് വൈത്യുതി ആഘാതമേറ്റതായും കൈ പൊള്ളിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. പഞ്ചവാദ്യം കൊട്ടിക്കയറുന്ന സമയത്താണ് അപകടം ഉണ്ടായതെന്ന് പൂരം ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. എന്‍ഡിആര്‍എഫ് സംഘവും കളക്ടറും ജില്ലാ പൊലീസ് മേധാവിയും സ്ഥലത്ത് എത്തിയിട്ടുണ്ട്.
കൊവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇത്തവണ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നത്. ആള്‍ക്കൂട്ടം കുറഞ്ഞത് വലിയ ദുരന്തം ഒഴിവാക്കിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam