തുണയായി കോണ്‍ഗ്രസ്; ബംഗളൂരുവില്‍ നിന്ന് മലയാളികളുമായി ആദ്യ ബസ് പുറപ്പെട്ടു

By Web TeamFirst Published May 11, 2020, 8:35 PM IST
Highlights

കെപിസിസിയുടെ അഭ്യര്‍ത്ഥന പ്രകാരം  കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയാണ്  മലയാളികളെ സഹായിക്കാനും നാട്ടിലെത്തിക്കാനുമുള്ള ബസ് സൗകര്യം ഒരുക്കിയത്. സാമൂഹിക അകലം പാലിച്ചാണ് ബസില്‍ യാത്രക്കാരെ പ്രവേശിപ്പിച്ചത്

തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ കേരളത്തില്‍ മടക്കിയെത്തിക്കുന്നതിനുള്ള കോണ്‍ഗ്രസിന്റെ  പദ്ധതിക്ക് തുടക്കമായി. 25 യാത്രക്കാരുമായി ബംഗളൂരുവില്‍ നിന്ന് ഇന്ന് രാത്രി എട്ട് മണിക്കാണ് കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ ആദ്യ ബസ് യാത്ര തിരിച്ചിരിക്കുന്നത്.

ബംഗളൂരു ഗാന്ധി ഗാന്ധി ഭവനിലെ കെപിസിസി ആസ്ഥാനത്ത് കര്‍ണാടക പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ ആണ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. കെപിസിസിയുടെ അഭ്യര്‍ത്ഥന പ്രകാരം  കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയാണ്  മലയാളികളെ സഹായിക്കാനും നാട്ടിലെത്തിക്കാനുമുള്ള ബസ് സൗകര്യം ഒരുക്കിയത്.

സാമൂഹിക അകലം പാലിച്ചാണ് ബസില്‍ യാത്രക്കാരെ പ്രവേശിപ്പിച്ചത്. രണ്ട് സംസ്ഥാനങ്ങളുടെയും പാസുകള്‍ ഉളളവര്‍ക്കാണ് യാത്ര ചെയ്യാന്‍ അനുമതി. കേരളത്തില്‍ നിന്ന് കെഎസ്ആര്‍ടിസി ബസുകള്‍ അയക്കണമെന്ന  പ്രതിപക്ഷത്തിന്റെ  നിരന്തര അഭ്യര്‍ത്ഥന സംസ്ഥാന സര്‍ക്കാര്‍ തള്ളിയതിനെ തുടര്‍ന്നാണ് ഇതര സംസ്ഥാനങ്ങളിലെ മലയാളികളെ നാട്ടിലെത്തിക്കാന്‍  കോണ്‍ഗ്രസ് നേതൃത്വം  തിരുമാനിച്ചത്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍   എന്‍ എ ഹാരിസ് എംഎല്‍എയുടെ  9696969232 എന്ന മൊബൈല്‍ നമ്പറിലോ, infomlanaharis@gmail.com എന്ന ഇമെയില്‍ ഐഡിയിലോ ബന്ധപ്പെടണമെന്നും കോണ്‍ഗ്രസ് അറിയിച്ചു. വിദ്യാര്‍ഥികളടക്കം പല സ്ഥലങ്ങളിലും കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിൽ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. 

click me!