കാന്തപുരത്തിന്‍റെ കേരള യാത്രാ സമാപന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിൽ വാക്പോര്.
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ വാക്പോരുമായി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും. എല്ലാത്തരം വർഗീയതയോടും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ ഒരു വശത്ത് മതേതരത്വം പറഞ്ഞിട്ട്, മറുവശത്ത് വിദ്വേഷം പറയുന്നവരെ പൊന്നാട അണിയിക്കരുതെന്ന് വി ഡി സതീശൻ തിരിച്ചടിച്ചു. കാറിൽ കയറ്റുന്നത് സൂക്ഷിച്ച് വേണമെന്ന് വെള്ളാപ്പള്ളിയൊത്തുള്ള മുഖ്യമന്ത്രിയുടെ കാർ യാത്ര പരോക്ഷമായി പരാമർശിച്ച് സതീശൻ പറഞ്ഞു.
"വോട്ട് പോയാൽ പോട്ടെ എന്ന് വയ്ക്കണം. കാറിൽ കയറ്റുന്നവരെ സൂക്ഷിച്ച് കാറിൽ കയറ്റണം. അവർ വിദ്വേഷം പ്രസംഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം. മതേതരത്വത്തെ തൊട്ടു കളിച്ചാൽ വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് സ്വീകരിക്കണം. മതേതരത്വത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ല, കാപട്യം പാടില്ല. തെരഞ്ഞെടുപ്പിൽ തോറ്റാലും മതേതരത്വം ബലി കഴിച്ചു കൊണ്ടുള്ള ഒരു കോംപ്രമൈസിനും തയ്യാറല്ല. ഒരു വിഭാഗം ജനതയെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ഒരു കൂട്ടർ ശ്രമിക്കുന്നു"- എന്നാണ് വി ഡി സതീശൻ പറഞ്ഞത്. ജാമിയ മിലിയ സർവകലാശാല തകർക്കാൻ അക്രമികൾ എത്തിയപ്പോൾ സർവ്വകലാശാലയ്ക്ക് നെഹ്റു കാവൽ നിന്ന കാര്യവും വി ഡി സതീശൻ പരാമർശിച്ചു. തലശ്ശേരി കലാപ കാലത്ത് സഖാക്കൾ പള്ളിക്ക് കാവൽ നിന്ന വിഷയം മുഖ്യമന്ത്രി പരാമർശിച്ചതിന് പിന്നാലെയാണ് സതീശൻ ഈ പരാമർശം നടത്തിയത്.
മുഖ്യമന്ത്രി പറഞ്ഞത്...
കാന്തപുരം നയിച്ച യാത്ര നാടിന്‍റെ ഐക്യത്തിന് നൽകിയ കരുത്ത് ചെറുതല്ലെന്നും കാന്തപുരം മതേത്വരത്തിന്‍റെ കാവലാൾ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കാന്തപുരം നയിക്കുന്ന കേരള മുസ്ലീം ജമാഅത്ത് കേരള യാത്രായുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരെ മതത്തിന്‍റെയും ജാതിയുടെയും പേരിൽ വേർതിരിക്കാനുള്ള ശ്രമം നടക്കുന്ന കാലമാണ്. ചിലർ മതത്തെ തന്നെ മനുഷ്യത്വവിരുദ്ധമാക്കാൻ ശ്രമിക്കുന്നു, 90 കടന്ന പ്രായത്തിലും ഈ വലിയ മനുഷ്യൻ ജനങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങുന്നു. കാന്തപുരം മതേത്വരത്തിന്‍റെ കാവലാളാണ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
കൂടാതെ മുസ്ലീങ്ങളെ മാറ്റിനിർത്താൻ പലവിധ ശ്രമങ്ങൾ നടക്കുന്ന കാലമാണിത്, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം മുതൽ ന്യൂനപക്ഷ സ്കോളർഷിപ്പ് വരെ വെട്ടികുറയ്ക്കുന്നു. കേന്ദ്രസർക്കാർ മുസ്ലിം വിഭാഗങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന നീക്കങ്ങൾ ആശങ്കാജനകമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന സ്ഥലം ബുൾഡോസർ കൊണ്ട് ഇടിച്ച് നിരത്തുകയാണ്. ഇതിനെ എല്ലാം ഇടതുപക്ഷം എതിർക്കുന്നു. വഖഫ് ബില്ലിനെ ഇടതുപക്ഷം എതിർത്തു, മുസ്ലിം വിഭാഗക്കാരെ മാറ്റി നിർത്താതെയാണ് കേരളത്തിൽ എല്ലാ സംവിധാനങ്ങളും പ്രവർത്തിക്കുന്നത്. ചില വിഭാഗങ്ങളെ മാറ്റി നിർത്തുന്ന രീതി ഇവിടെ ഉണ്ടായിരുന്നു. തമ്മിൽ ഭിന്നിപ്പിച്ച് നിർത്തുന്ന സ്ഥിതിയും ഉണ്ടായിരുന്നു. അതും അവസാനിപ്പിച്ചു. ക്രൈസ്തവ സമൂഹത്തിന് നേരെയും മുമ്പൊന്നും ഇല്ലാത്ത വിധം ആക്രമണം നടക്കുന്നു. മതപരിവർത്തന നിയമം ക്രൈസ്തവരെ ആക്രമിക്കാനുള്ള ആയുധമായി മാറുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും രാജ്യത്ത് ജീവിതം ദുസ്സഹകമാകുന്നു. വിട്ടുവീഴ്ചയില്ലാതെ വർഗീയതയെ അകറ്റി നിർത്തണം. ഒരു വർഗീയതയെ മറ്റൊരു വർഗീയത കൊണ്ട് നേരിടാനാവില്ല. ഭൂരിപക്ഷ വർഗീയതയെ ഞങ്ങൾ തന്നെ നേരിട്ടോളം എന്ന് ന്യൂനപക്ഷ വിഭാഗം കണക്കാക്കരുത്. വർഗീയതയെ എതിർക്കുന്നത് മതനിരപേക്ഷതയുടെ ഭാഗമാണ്. ഏതെങ്കിലും വർഗീയതയോട് മൃദുസമീപനം സ്വീകരിക്കാനാവില്ല. കേരളം ഒരു ശാന്തിതീരമായി ഇപ്പോഴും നിലകൊള്ളുന്നു, കേരളത്തിൽ വർഗീയ ശക്തികൾ ഇല്ലാത്തത് കൊണ്ടല്ല ഇത്. കേരളത്തിലും വർഗീയ കലാപങ്ങൾ ഉണ്ടായിട്ടുണ്ട്. തലശ്ശേരി കലാപ സമയത്ത് ഞങ്ങൾ ആരാധനാലയങ്ങൾക്ക് കാവൽ നിന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലുണ്ടായ കലാപങ്ങളും മുഖ്യമന്ത്രി ഓർമിപ്പിച്ചു. കേരളത്തിൽ 10 വർഷമായി സംഘർഷങ്ങൾ ഉണ്ടോ? തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല എന്ന പൊതുവായ നിലപാട് വന്നു. പൊലീസ് നടപടികൾ നിഷ്പക്ഷം എന്ന് ഉറപ്പാക്കുന്നു. ഇതെല്ലാം എന്ത് കൊണ്ട് സംഭവിച്ചു, ഏത് തരം വർഗീയതയോടും സന്ധിയില്ല. അധികാര കേന്ദ്രത്തിൽ ചിലർ ഉണ്ടായാൽ മാത്രമേ ചില വിഭാഗങ്ങൾക്ക് എന്തെങ്കിലും ലഭിക്കൂ എന്ന് പ്രചരിപ്പിക്കുന്നു. ലൈഫ് പദ്ധതി ഉപഭോക്തകളിൽ എല്ലാ മതസ്ഥരും ഉണ്ട്. പെൻഷൻ കിട്ടുന്നവരിൽ എല്ലാവരുമില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.



