കൂടത്തായി: റോയ് തോമസ് വധക്കേസിലെ കുറ്റപത്രം തയ്യാര്‍, ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും

By Web TeamFirst Published Dec 27, 2019, 7:04 AM IST
Highlights

ഭര്‍ത്താവ് റോയ് തോമസിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ ജോളിയെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയാകാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് അന്വേഷണസംഘം ആദ്യ കുറ്റപത്രം നല്‍കാന്‍ ഒരുങ്ങുന്നത്. 
 

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം തയ്യാറായി. റോയ് തോമസ് വധക്കേസിലെ കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘത്തലവന്‍ കെ ജി സൈമണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേസില്‍ നാലു പ്രതികളാണുളളത്. ഭര്‍ത്താവ് റോയ് തോമസിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ ജോളിയെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയാകാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് അന്വേഷണസംഘം ആദ്യ കുറ്റപത്രം നല്‍കാന്‍ ഒരുങ്ങുന്നത്. 

ജോളി ഉള്‍പ്പെടെ നാല് പ്രതികളാണ് കേസിലുളളത്. റോയ് തോമസിന്‍റെ ബന്ധു എം എസ് മാത്യു രണ്ടാം പ്രതിയും താമരശേരിയിലെ സ്വര്‍ണപ്പണിക്കാരനായ പ്രജുകുമാര്‍ മൂന്നാം പ്രതിയും സിപിഎം മുന്‍ പ്രാദേശിക നേതാവ് മനോജ് നാലാം പ്രതിയുമാണ്. ഇരുനൂറിലധികം സാക്ഷികളുടെ മൊഴിയെടുത്ത ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയത്. കൊലപാതകത്തില്‍ മാത്യുവിനും പ്രജുകുമാറിനും വ്യക്തമായ പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 

വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ടാണ് മനോജിനെ പ്രതിയാക്കിയിരിക്കുന്നത്. അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രം ഉന്നത ഉദ്യോഗസ്ഥര്‍ കൂടി കണ്ട ശേഷമാകും കോടതിയില്‍ സമര്‍പ്പിക്കുക. കൊലപാതക പരമ്പരയിലെ മറ്റ് അഞ്ച് കേസുകളിലും വൈകാതെ കുറ്റപത്രം നല്‍കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. പ്രമാദമായ കേസ് ആയതുകൊണ്ട് തന്നെ പഴുതുകളെല്ലാം അടച്ചുകൊണ്ടുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനൊരുങ്ങുകയാണ് പൊലീസ്.

click me!