
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള നിയമസഭയിൽ ആദ്യ ദിനത്തിലെ ശ്രദ്ധാകേന്ദ്രം എംപിമാരായ എംഎൽഎമാരായിരുന്നു. ജയിച്ച സഹപ്രവർത്തകരെ കക്ഷി ഭേദം മറന്ന് അംഗങ്ങൾ അഭിനന്ദിച്ചപ്പോൾ തോറ്റവരെ ആശ്വസിപ്പിക്കാനും മറന്നില്ല.
കെ മുരളീധരൻ, അടൂർ പ്രകാശ്, ഹൈബി ഈഡൻ എന്നീ പാർലമെൻറിലേക്ക് പോകുന്ന യുഡിഎഫിലെ മൂവർ സംഘ എംഎൽഎമാർ നിയമസഭയിൽ എത്തിയത് ഒരുമിച്ചാണ്. അനുമോദിക്കാനും കെട്ടിപ്പിടിക്കാനും പ്രതിപക്ഷ നിരയിലെ മറ്റ് അംഗങ്ങൾ മത്സരിച്ചു. ഭരണപക്ഷത്ത് നിന്നും കിട്ടി മൂവർക്കും അഭിനന്ദനം. ഇടതിന്‍റെ മാനം കാത്ത ആരിഫ് പതിവ് പോലെ പുഞ്ചിരിതൂകി എത്തി. ആരിഫിനും കിട്ടി കക്ഷിഭേദമില്ലാതെ ഷേക്ക് ഹാൻഡ്.
മത്സരിച്ച് തോറ്റ സി ദിവാകരനെയും പ്രദീപ്കുമാറിനെയും ചിറ്റയം ഗോപകുമാറിനെയും മന്ത്രിമാരടക്കം ആശ്വസിപ്പിച്ചു. രമേശ് ചെന്നിത്തലക്ക് പട നയിച്ച ജേതാവിന്‍റെ ശരീരഭാഷയായിരുന്നു. അകത്തളത്തിൽ പ്രതിപക്ഷ നിരയിൽ ഓടി നടന്ന് എല്ലാവരോടും സംസാരിച്ചു. ഇ പി ജയരാജനൊപ്പം എത്തിയ മുഖ്യമന്ത്രി സീറ്റിലിരുന്നപ്പോൾ ആദ്യം ചിരിച്ചു. പിന്നെ ഗൗരവഭാവം തുടർന്നു. സഭ തുടങ്ങും മുമ്പ് പലയിടങ്ങളിൽ ചെറു സംഘങ്ങളായി ചർച്ച. അക്കൗണ്ട് തുറക്കാത്തതിന്‍റെ വിഷമം പങ്കിട്ട് രാജഗോപാലും പിസി ജോർജ്ജും.
കുറച്ചു ദിവസം കൂടി സഭാ നടപടികളിൽ പങ്കെടുത്ത് ജയിച്ച എംഎൽഎമാർ രാജിക്കത്ത് നൽകും. ഇന്നത്തെ അഭിനന്ദനവും ആശ്വസിപ്പിക്കലും കഴിഞ്ഞ് നാളെ മുതൽ ഫലത്തെ ചൊല്ലി പൊരിഞ്ഞ പോര് ഉണ്ടാകുമെന്ന് ഉറപ്പാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam