
മലപ്പുറം: പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ് ഐ ആർ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. ഇന്ന് വെളുപ്പിന് 12:20 ന് ആണ് കേസ് രജിസ്റ്റർ ചെയ്തത്. അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലും ഇരുചക്രവാഹനം ഓടിച്ചതിന് കൊണ്ടോട്ടി പൊലീസ് സ്വമേധയയാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഭാരതീയ ന്യായസംഹിത 2023 ലെ വകുപ്പ് 281, മോട്ടോർ വെഹിക്കിൾ ആക്ട് 1988 ലെ വകുപ്പ് 194 D എന്നിവ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പുതുതായി നിലവിൽ വന്ന ഭാരതീയ നാഗരിക സുരക്ഷാസംഹിതയിലെ വകുപ്പ് 173 പ്രകാരമാണ് എഫ്ഐ ആർ തയ്യാറാക്കിയത്.
അപകടരമായി വാഹനം ഓടിച്ചതിന് കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ഷാഫി (24)ക്ക് എതിരെയാണ് കേസ്.
164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള (ഐ പി സി) മൂന്നു നിയമങ്ങൾ ചരിത്രമായി മാറിക്കഴിഞ്ഞു. ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിതയും (ബിഎൻഎസ്) സി ആർ പി സി ക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബി എൻ എസ് എസ് ), ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവും (ബി എസ് എ ) ആണ് നിലവിൽ വന്നത്.
ഇന്ന് മുതലുള്ള പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതുമൊക്കെ പുതിയ നിയമവ്യവസ്ഥ പ്രകാരമായിരിക്കും. അതിന് മുൻപുണ്ടായ എല്ലാ കുറ്റകൃത്യങ്ങളിലും നിലവിലെ നിയമ പ്രകാരമായിരിക്കും നടപടി. ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളിലെ നടപടിക്രമം എല്ലാം പൂർത്തിയാക്കേണ്ടത് നിലവിലുള്ള നിയമപ്രകാരം തന്നെയായിരിക്കും. കഴിഞ്ഞവർഷം ഓഗസ്റ്റ് 12-നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ നിയമത്തിന്റെ കരട് അവതരിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam