
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നേത്രരോഗ വിഭാഗത്തില്‍ നേത്ര പടല അന്ധതക്ക് പ്രതിവിധി നല്‍കുന്ന കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. 59 വയസുള്ള കോവളം സ്വദേശിയ്ക്കാണ് കഴിഞ്ഞ 24-ാം തീയതി കോര്‍ണിയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. രോഗി സുഖം പ്രാപിച്ചു വരുന്നു. ചില സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താല്‍മോളജിയിലും സ്വകാര്യ കണ്ണാശുപത്രികളിലും മാത്രം ചെയ്യുന്ന കോര്‍ണിയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ജനറല്‍ ആശുപത്രിയില്‍ നടത്തിയത്. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രകിയയ്ക്ക് നേതൃത്വം നല്‍കിയ ജനറല്‍ ആശുപത്രിയിലെ എല്ലാ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
വലത്തെ കണ്ണിന് ചെറുപ്പകാലത്തുണ്ടായ മുറിവാണ് നേത്രപടല അന്ധതക്ക് കാരണമായത്. ഇബിഎകെ നേത്രബാങ്കില്‍ നിന്നാണ് നേത്രപടലം ലഭ്യമാക്കിയത്. സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങളോളം രൂപ ചിലവാകുന്ന ശസ്ത്രക്രിയയാണ് സൗജന്യമായി ചെയ്തത്. ജില്ലാതല ആശുപത്രികളില്‍ കോര്‍ണിയ ശസ്ത്രക്രിയയില്‍ പ്രാവീണ്യമുള്ള ഡോക്ടര്‍മാരെ കൊണ്ട് കോര്‍ണിയ ട്രാന്‍സ്പ്ലാനറ്റേഷന്‍ ശസ്ത്രക്രിയ ചെയ്യുന്നതിന് സര്‍ക്കാര്‍ 2023ല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഇതിനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. 40 ലക്ഷത്തോളം രൂപ ചെലവഴിച്ച് കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന് വേണ്ടിയുള്ള ഉപകരണങ്ങള്‍ സജ്ജമാക്കി. തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താല്‍മോളജി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി അനുമതി നല്‍കി. കെ സോട്ടോയില്‍ നിന്ന് കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍ ശസ്ത്രക്രിയക്കുള്ള ലൈസന്‍സും നേടിയെടുത്തു.
നേത്രപടല അന്ധത കൂടുതലും മധ്യ വയസ്‌കരായ ആളുകളിലും തൊഴിലാളികളേയുമാണ് ബാധിക്കുന്നത്. കൃഷ്ണമണിയിലുണ്ടാകുന്ന മുറിവുകളില്‍ അണുബാധയേല്‍ക്കുന്നതുമൂലം നേത്രപടല അന്ധതയ്ക്ക് കാരണമാകുന്നു. ഇത്തരം രോഗികള്‍ക്ക് നേത്രപടലം മാറ്റി വയ്ക്കുന്നത് മാത്രമാണ് പ്രതിവിധി. ചില കുട്ടികളില്‍ ജന്മനാ നേത്രപടല വൈകല്യം മൂലവും കൗമാര പ്രായക്കാരില്‍ നേത്രപടലത്തിനുണ്ടാവുന്ന കെരറ്റോകോണസ് എന്ന അസുഖവും നേത്ര പടല അന്ധതയ്ക്ക് കാരണമാകുന്നു. ഇത്തരം രോഗികള്‍ക്കും കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷനാണ് പ്രധാന പ്രതിവിധി.
ജില്ലാതല ആശുപ്രതികളില്‍ കോര്‍ണിയ ക്ലിനിക്കുകളും നേത്രപടല ശസ്ത്രക്രിയകളും അരംഭിക്കുന്നത് വഴി ആരോഗ്യ വകുപ്പിന് കീഴിലുളള ആശുപത്രികളില്‍ നേത്രരോഗ വിഭാഗത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുമൂലം സാധാരണക്കാരായ രോഗികള്‍ക്ക് മികച്ച ചികിത്സ അടുത്തുളള ആശുപത്രിയില്‍ നിന്നും ലഭ്യമാക്കുന്നു.
തിരുവനന്തപുരം ജനറല്‍ ആശുപതി സൂപ്രണ്ട് ഡോ. കൃഷ്ണവേണി, നേത്രരോഗ വിഭാഗം മേധാവി ഡോ. ശ്രീലത, കോര്‍ണിയ സര്‍ജന്‍ ഡോ. രശ്മി പി ഹരിദാസ്, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. അമ്പിളി, ഡോ. മധു എന്നിവരുടെ നേതൃത്വത്തിലാണ് ട്രാന്‍സ്പ്ലാന്റേഷന്‍ നടത്തിയത്. ഡോ. ഐശ്വര്യ, ഡോ. സിമ്രാന്‍, ഡോ. ദീപ്തി, നഴ്‌സിംഗ് ഓഫീസര്‍മാരായ ബോബി രേവതി ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്റര്‍ നാദിയ, നഴ്‌സിംഗ് അസിസ്റ്റന്റ് മോളി, അനസ്‌തേഷ്യ ടെക്നീഷ്യന്‍ ഗായത്രി എന്നിവര്‍ കോര്‍ണിയ സര്‍ജറിയില്‍ സന്നിഹിതരായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam