
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ലിഫ്റ്റ് ബ്രിഡ്ജ് തിരുവനന്തപുരം കരിക്കകത്ത് യാഥാർത്ഥ്യമാകുന്നു. ദേശീയ ജലപാത വികസനത്തിന്റെ ഭാഗമായി പാർവതിപുത്തനാറിന് കുറുകെയാണ് പാലം നിർമ്മിച്ചത്. ഫെബ്രുവരി 20 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പാലത്തിന്റെ ട്രയൽ റൺ പൂർത്തിയായി.
ഇതുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് നിര്‍മിച്ച പാലം എന്ന പ്രത്യേകത ഈ ലിഫ്റ്റ് ബ്രിഡ്ജിനുണ്ടെന്ന് കഴക്കൂട്ടം എംഎല്‍എ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 100 ടണ്‍ ഭാരമുള്ള വാഹനങ്ങള്‍ക്ക് പോലും ഈ ബ്രിഡ്ജിലൂടെ കടന്നുപോകാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായ ശേഷം കൂടുതല്‍ ചരക്ക് നീക്കം ജലമാർഗം നടത്തേണ്ടിവരും. അതെല്ലാം മുന്നില്‍ക്കണ്ടാണ് ലിഫ്റ്റ് ബ്രിഡ്ജ് കരിക്കകത്ത് നിർമിച്ചത്. ജലഗതാഗതത്തിന് കൂടി ഉപകാരപ്പെടുന്ന വിധത്തില്‍ ആംഫീബിയന്‍ രീതിയിലാണ് ലിഫ്റ്റ് ബ്രിഡ്ജിന്‍റെ നിർമാണം. ബസ്, ചരക്കുലോറി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് കയറാന്‍ കഴിയും.
അഞ്ച് മീറ്റര്‍ വരെ ഉയരത്തിലേക്ക് ഉയർത്താന്‍ കഴിയും. ഹൈഡ്രോളിക്, ഇലക്ട്രിക് മോട്ടോറുകള്‍ ഇതിനായി ഉപയോഗിക്കുന്നു. ഒരു വർഷം സമയമെടുത്ത് മൂന്നര കോടി ചെലവഴിച്ചാണ് ലിഫ്റ്റ് ബ്രിഡ്ജ് നിർമിച്ചത്. ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്‍റെ നേതൃത്വത്തിലായിരുന്നു നിർമാണം. വിനോദസഞ്ചാര വകുപ്പും പാലത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam