
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി മങ്കി പോക്‌സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ മുപ്പത്തിയഞ്ചുകാരനാണ് രോഗമുക്തി നേടിയത്. ഇയാളെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും വീണ ജോർജ് പറഞ്ഞു. രാജ്യത്തെ ആദ്യ കേസായതിനാല്‍ എന്‍ഐവിയുടെ (NIV) നിര്‍ദേശപ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തി. എല്ലാ സാമ്പിളുകളും രണ്ട് പ്രാവശ്യം നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്. ത്വക്കിലെ തടിപ്പുകള്‍ പൂര്‍ണമായി ഭേദമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ പന്ത്രണ്ടാം തീയതി യുഎഇയില്‍ നിന്ന് വന്ന യുവാവിന് പതിനാലിനാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. രോഗം സംശയിച്ചപ്പോള്‍ തന്നെ മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗങ്ങള്‍ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. ഇദ്ദേഹവുമായി പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള കുടുംബാംഗങ്ങളുടെ ഫലവും നെഗറ്റീവ് ആണ്. നിലവില്‍ മങ്കി പോക്‌സ് സ്ഥിരീകരിച്ച മറ്റ് രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സിന് തീവ്രവ്യാപനശേഷിയില്ല
കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സ് (Monkeypox) വൈറസിന് തീവ്രവ്യാപന ശേഷിയില്ലെന്ന് ജനിതക ശ്രേണീകരണ ഫലം. എ.2 വിഭാഗത്തില്‍ പെടുന്ന വകഭേദത്തെയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍റ് ഇന്‍റഗ്രേറ്റീവ് ബയോളജി വ്യക്തമാക്കി. യൂറോപ്പില്‍ ആശങ്കയുയര്‍ത്തുന്ന ബി.വണ്‍ വകഭേദത്തേക്കാള്‍ വ്യാപന ശേഷി എ. 2 വിന് കുറവാണ്. കേരളത്തില്‍ രോഗം സ്ഥിരീകരിച്ച രണ്ട് പേരുടെയും സാമ്പിളുകള്‍ ജനിത ശ്രേണീകരണ പരിശോധനക്ക് വിധേയമാക്കി. ഇന്ത്യയില്‍ ഇതുവരെ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യ മൂന്ന് മങ്കിപോക്സ് കേസുകളും റിപ്പോർട്ട് ചെയ്തത് കേരളത്തിൽ ആണ്. വിദേശത്ത് നിന്നെത്തിയ കൊല്ലം, കണ്ണൂർ, മലപ്പുറം സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. 75 രാജ്യങ്ങളിലായി ഇരുപതിനായിരം പേര്‍ക്ക് ഇതിനോടകം മങ്കിപോക്സ് പിടിപെട്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam