
മലപ്പുറം: ട്രോളിങ് കാലം നാളെ അവസാനിക്കുമ്പോഴും മത്സ്യതൊഴിലാളികൾക്ക് വറുതിയുടെ സമയത്ത് സൗജന്യ റേഷൻ നൽകുമെന്ന സര്‍ക്കാര്‍ ഉറപ്പ് പല ജില്ലകളിലും പാഴ്വാക്കായി. ആയിരക്കണക്കിന് തൊഴിലാളികളാണ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്നത്. സാങ്കേതിക പ്രശ്നങ്ങള്‍ കാരണമാണ് വിതരണം വൈകുന്നതെന്നാണ് വിവിധ ജില്ലകളിലെ സിവിൽ സപ്ലൈസ് വിഭാഗം ഓഫീസര്‍മാരുടെ മറുപടി.
ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്നായിരുന്നു ട്രോളിങ് പ്രഖ്യാപനത്തിന് മുമ്പ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. 52 ദിവസത്തെ ട്രോളിങ് നാളെ അവസാനിക്കും. പക്ഷേ സൗജന്യ റേഷന്‍ ഇതുവരെ ഭൂരിഭാഗം ജില്ലകളിലും ലഭ്യമാക്കിയിട്ടില്ല.
കോഴിക്കോട് ജില്ലയില്‍ ഔദ്യോഗിക കണക്ക് പ്രകാരം 2500 ഓളം കുടുംബങ്ങള്‍ക്ക് സഹായം ലഭിക്കണം. മലപ്പുറത്ത് ആയിരത്തോളം കുടുംബങ്ങള്‍ അര്‍ഹരാണ്. റേഷന് അര്‍ഹരായ തൊഴിലാളികളുടെ ലിസ്റ്റ് സിവില്‍ സപ്ലൈസ് വകുപ്പിന് നല്‍കിയെന്നാണ് വിവിധ ജില്ലകളിലെ ഫിഷറീസ് വിഭാഗം അറിയിക്കുന്നത്. ഈ ലിസ്റ്റ് തിരുവനന്തപുരം സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഓഫീസിലേക്ക് അയച്ചിരുന്നെന്നും ഇ പോസ് മെഷീനുമായി ബന്ധപ്പെട്ട സാങ്കേതിക തടസം കാരണമാണ് വിതരണം വൈകുന്നതെന്നാണ് സപ്ലൈ വിഭാഗത്തിന്‍റെ മറുപടി.
താമരക്കുടി ബാങ്ക് തട്ടിപ്പ്: 10 കൊല്ലം മുമ്പ് നടന്നത് 12 കോടിയുടെ തട്ടിപ്പ്, ഇതുവരെ പണം തിരികെ കിട്ടിയില്ല
കരുവന്നുർ ബാങ്ക് തട്ടിപ്പ് വിവാദം ചൂടേറിയ ചർച്ചയാകുമ്പോള്‍ കൊല്ലം താമരക്കുടി സഹകരണ ബാങ്ക് തട്ടിപ്പ് കേസും ഉയർന്നു വരികയാണ്. പത്ത് കൊല്ലം മുമ്പ് 12 കോടി രൂപയുടെ തട്ടിപ്പ് നടന്ന ബാങ്കിൽ പണം നിക്ഷേപിച്ചവര്‍ക്കാർക്കും ഇതുവരെ തിരികെ കിട്ടിയില്ല. സര്‍ക്കാരും തങ്ങളെ കൈയൊഴിഞ്ഞെന്നാണ് നിക്ഷേപകരുടെ പരാതി.
ഭര്‍ത്താവിന്‍റെ ക്യാൻസർ ചികിത്സക്കുള്ള പണത്തിന് വേണ്ടി സരോജിനി ടീച്ചർ താമരക്കുടി ബാങ്കിൽ കയറിയിറങ്ങാത്ത ദിവസങ്ങളില്ല. 34 വര്‍ഷത്തെ അധ്യാപന ജീവിതത്തിൽ നിന്ന് സ്വരുക്കൂട്ടിയതെല്ലാം ഈ ബാങ്കിലാണ്. പത്ത് വര്‍ഷം മുമ്പ് 12 കോടി രൂപയുടെ തട്ടിപ്പ് പുറത്തു വന്നതോടെ അധ്വാനിച്ചുണ്ടാക്കിയ കാശ് കിട്ടാക്കനിയായി. സരോജിനി ടീച്ചറെ പോലെ മൂവായിരത്തോള്ളം പേരാണ് പറ്റിക്കപ്പെട്ടത്. ഏറെയും കശുവണ്ടി തൊഴിലാളികളും, കര്‍ഷകരും, റിട്ടയേര്‍ഡ് ജീവനക്കാരും. പതിനായിരം മുതൽ 40 ലക്ഷം വരെ നിക്ഷേപിച്ചവരുണ്ട്. തട്ടിപ്പ് നടത്തിയ ബാങ്ക് സെക്രട്ടറിയേയും പ്രസിഡന്‍റിനെയും അറസ്റ്റ് ചെയ്തതല്ലാതെ മറ്റു നടപടികളൊന്നുമുണ്ടായില്ല. ഇവര്‍ ഇന്ന് ജാമ്യത്തിൽ പുറത്തിറങ്ങി വിലസുകയാണ്.
2016 ൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. അന്വേഷണം തുടരുകയാണെന്ന് മാത്രമാണ് ഇവർക്ക് ആകെ ലഭിക്കുന്ന മറുപടി. കരുവന്നൂർ ബാങ്കിനെ സംരക്ഷിക്കാൻ സര്‍ക്കാർ മുന്നിട്ടിറങ്ങുമ്പോള്‍, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ പലതവണ അധികാരികളുടെ മുന്നിലെത്തിയിട്ടും അവഗണിക്കുക മാത്രമാണ് ചെയ്തതെന്ന പരാതിയാണ് താമരക്കുടി ബാങ്കിനെ വിശ്വസിച്ച ഈ സാധാരണക്കാർക്ക് പറയാനുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam