
പാലക്കാട് : പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളിൽ (Palakkad murder) ബിജെപി (BJP) സംസ്ഥാന അധ്യക്ഷനെതിരെ ഗുരുതര ആരോപണവുമായി സിപിഎം (CPM)പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബു (Suresh babu). ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രന്റെ സന്ദര്‍ശനത്തിന് ശേഷമാണ് പാലക്കാട്ട് ആദ്യ കൊലപാതകമുണ്ടായതെന്നാണ് സുരേഷ് ബാബുവിന്റെ ആരോപണം.
പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറാണ് പാലക്കാട്ട് ആദ്യം കൊല്ലപ്പെട്ടത്. ഈ കൊലപാതകത്തിന് രണ്ടു ദിവസം മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ പാലക്കാട് വന്നിരുന്നു. ഇത് നേതൃത്വത്തിന്റെ പങ്കിലേക്ക് വിരൾ ചൂണ്ടുന്നതാണെന്നും ബിജെപി നേതൃത്വമറിയാതെ അക്രമ സംഭവം ഉണ്ടാകില്ലെന്നുമാണ് സിപിഎം ആരോപിക്കുന്നത്. ബിജെപി അധ്യക്ഷന്റെ സന്ദശനത്തിലും കൊലപാതകത്തിലെ നേതൃത്വത്തിന്റെ പങ്കിലും അന്വേഷണം വേണമെന്നും സിപിഎം ജില്ലാ സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.
കൊലയാളി സംഘം മുൻകൂട്ടി പ്ലാൻ ചെയ്ത് ചില കേന്ദ്രങ്ങളിൽ സംഘടിച്ചിരിക്കുന്നു. ആര്‍ എസ് എസ്- എസ് ഡിപിഐ നേതൃത്വങ്ങളുടെ അറിവോടെയാണ് കൊലപാതകമുണ്ടായതെന്നും സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചു.
എന്നാൽ സിപിഎം ജില്ലാ സെക്രട്ടറിയുടെ വാക്കുകളെ തള്ളിയ സുരേന്ദ്രൻ, ആഭ്യന്തര വകുപ്പ് കയ്യിലിരിക്കുന്നവരാണ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുന്നയിക്കുന്നതെന്ന് തിരിച്ചടിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ എല്ലാ ജില്ലകളും സന്ദര്‍ശിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ എന്നെ അറസ്റ്റ് ചെയ്യട്ടെ. ആഭ്യന്തര വകുപ്പ് കയ്യിലിരിക്കുന്ന സിപിഎമ്മുകാര്‍ ഇത്തരത്തിൽ അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കുന്നതിന് മറുപടിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam