
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതി (vizhinjam port) എത്രയും വേഗം പൂർത്തിയാക്കാൻ ശ്രമങ്ങൾ തുടരുകയാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ (ahammed deverkovil) പറഞ്ഞു. പദ്ധതിയുടെ പുരോഗതി ഇന്ന് ചേർന്ന അവലോകനയോഗം വിലയിരുത്തി. പുലിമൂട് നിർമ്മാണത്തിനായി കൂടുതൽ കല്ലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. 80 ലക്ഷം കിലോ കല്ലുകളാണ് പുലിമൂട് നിർമ്മാണത്തിന് ആവശ്യമായിട്ടുള്ളത്. 80 ലക്ഷത്തിൽ 30 ലക്ഷം കല്ല് ഇതിനോടകം കിട്ടി. അൻപത് ലക്ഷം കല്ല് കൂടി എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
എല്ലാ രണ്ടാഴ്ചയിലും വിഴിഞ്ഞം പദ്ധതിയുടെ നിർമ്മാണ പുരോഗതി വിലയിരുത്താനാണ് തീരുമാനം. വിശദമായ പഠനം നടത്തിയ ശേഷമാണ് വിഴിഞ്ഞം പദ്ധതിക്ക് അനുമതി നൽകിയത്. ജനങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം. അക്കാര്യം ഉറപ്പാക്കും. 2023 മെയ് 23-ന് വിഴിഞ്ഞം തീരത്ത് കപ്പലടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. നിലവിൽ ലോകത്തെ ഏറ്റവും വലിയ കപ്പലിനും വിഴിഞ്ഞേക്ക് പ്രവേശിക്കാൻ സാധിക്കും - മന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖ പദ്ധതി പൂർത്തിയാകാൻ ഇനിയും വൈകുമെന്ന് സെപ്തംബറിൽ അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. പദ്ധതി പൂർത്തിയാക്കാൻ 2024 വരെ അദാനി പോർട്സ് സമയപരിധീ നീട്ടിച്ചോദിച്ചു. 2023 വരെ സമയം നൽകാമെന്നാണ് സർക്കാർ നിലപാട്. കരാറിലെ പല വ്യവസ്ഥകളും സർക്കാർ പാലിച്ചില്ലെന്നാണ് അദാനിയുടെ കുറ്റപ്പെടുത്തൽ.
2015 ൽ കരാർ ഒപ്പിടുമ്പോൾ ആയിരം ദിവസം കൊണ്ട് പണിപൂർത്തിയാക്കാമെന്നായിരുന്നു അദാനിയുടെ വാഗ്ദാനം. അതുപ്രകാരം 2019 ഡിസംബർ മൂന്നിന് വിഴിഞ്ഞത്ത് കപ്പലടുക്കേണ്ടതായിരുന്നു. പാറക്കല്ല് ക്ഷാമവും ഓഖിയും രണ്ട് പ്രളയവുമെല്ലാം ചൂണ്ടിക്കാട്ടി അദാനി സമയപരിധി നീട്ടിയെങ്കിലും സർക്കാർ അനുവദിച്ചില്ല. ഒടുവിലിപ്പോൾ സർക്കാർ കരാർ വ്യവസ്ഥ ലംഘിച്ചെന്ന് പറഞ്ഞാണ് 2024 വരെ കാലാവധി നീട്ടിചോദിക്കുന്നത്. സ്ഥലമേറ്റെടുത്ത് നൽകാത്തതിലെ കാലതാമസവും റോഡ് റെയിൽ കണക്ടീവിറ്റി വൈകുന്നതും സുരക്ഷാ ഭിത്തി നിർമ്മാണത്തിലെ കാലതമാസവുമാണ് സർക്കാറിൻറെ വീഴ്ചയായി അദാനി ഉന്നയിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam