തിരുവനന്തപുരം: എസ്എഫ്ഐ കോട്ടയായ തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജിൽ എഐഎസ്എഫിനെ നയിക്കാൻ നാദിറ എത്തുന്നു. എസ്എഫ്ഐ അടക്കി ഭരിക്കുന്ന ക്യാമ്പസിലേക്ക് പഠിക്കാനും പോരാടാനും ഉറപ്പിച്ച് ട്രാന്‍സ്‍ജെന്‍ഡര്‍ വിദ്യാര്‍ത്ഥിനി കൂടിയായ നാദിറ വന്നിറങ്ങുമ്പോൾ വലിയ പ്രതീക്ഷയിലാണ് എഐഎസ്എഫ് നേതൃത്വം. സർക്കാറിന്‍റെ പ്രത്യേക സംവരണസീറ്റ് വഴിയാണ് കഴിഞ്ഞ ദിവസം നാദിറ യൂണിവേഴ്സിറ്റി കോളേജിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നത്.
നല്ല സമയത്താണ് യൂണിവേഴ്‍സിറ്റി കോളേജിൽ ചേരുന്നതെന്നാണ് നാദിറയുടെ പക്ഷം. എംഎ പൊളിറ്റിക്കൽ സയൻസിൽ പ്രവേശനം നേടിയതിന് പിന്നാലെ കൂട്ടുകാരെല്ലാം പറഞ്ഞത് അങ്ങിനെയാണത്രെ.nആരെന്ത് പറഞ്ഞാലും പഠിച്ചും പ്രവർത്തിച്ചും മികച്ച പൊതുപ്രവർത്തകയാകാൻ ഇതിലും പറ്റിയ കോളേജ് വേറെ ഏതുണ്ടെന്നാണ് നാദിറ ചോദിക്കുന്നത്.
എസ്എഫ്ഐ കോട്ടയിൽ യൂണിറ്റ് തുടങ്ങിയ എഐഎസ്എഫും നാദിറയുടെ വരവിന് ചുക്കാൻപിടിച്ചു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ നാദിറക്ക് കീഴിൽ യൂണിവേഴ്‍സിറ്റി കോളേജിലെ സംഘടനാ സംവിധാനം അടിമുടി ശക്തിപ്പെടുത്താമെന്ന പ്രതീക്ഷയും എഐഎസ്എഫ് നേതൃത്വത്തിനുണ്ട്.
എസ്എഫ്ഐ വിരോധത്തെ കുറിച്ച് ചോദിച്ചാലും നാദിറക്ക് പറയാനൊരു കഥയുണ്ട്. തോന്നക്കൽ എജെ കോളേജിലെ ബിഎ ജേണലിസം പഠനകാലത്ത് ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിസ്സാര വോട്ടിന് തോറ്റതിനെക്കാൾ നാദിറയെ വേദനിപ്പിച്ചത് ഒരു എസ്എഫ്ഐ നേതാവിൻറെ വാക്കുകളാണത്രെ. എന്‍റെ വോട്ട് ഒന്നുകിൽ ആണിന് അല്ലെങ്കിൽ പെണ്ണിന്, നിങ്ങളുടേതോ എന്ന് ചോദിച്ച ആ കുട്ടി നേതാവിനുള്ള മറുപടി കൂടിയാണ് ഇനി യൂണിവേഴ്‍സിറ്റി കോളേജിലെ സംഘടനാ പ്രവര്‍ത്തനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam